Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപ്പർ ഹർജി നൽകാനൊരുങ്ങി തകാത്ത

Takata

പ്രവർത്തന പിഴവുള്ള എയർബാഗുകൾ നിർമിച്ചു നൽകി പ്രതിസന്ധിയിലായ ജാപ്പനീസ് കമ്പനിയായ തകാത്ത കോർപറേഷൻ യു എസിൽ പാപ്പർ ഹർജി സമർപ്പിക്കാൻ ഒരുങ്ങുന്നു. എയർബാഗുകൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളെ തുടർന്ന് ലക്ഷക്കണക്കിനു ഡോളർ നഷ്ടപരിഹാരത്തിനുള്ള കേസുകൾ നിലനിൽക്കെ അടുത്ത ആഴ്ച തന്നെ കമ്പനി പാപ്പർ ഹർജി സംബന്ധിച്ച നടപടിക്രമം ആരംഭിക്കുമെന്നാണു സൂചന. ഇതിനിടെ യു എസ് വാഹനഘടക നിർമാതാക്കളായ കീ സേഫ്റ്റി സിസ്റ്റംസ് ഇൻകോർപറേറ്റഡിൽ നിന്നുള്ള സാമ്പത്തിക പിന്തുണയും തകാത്ത കോർപറേഷൻ തേടുന്നുണ്ട്.

കീ സേഫ്റ്റിയുമായുള്ള ഇടപാട് പൂർത്തിയാക്കാൻആഗോളതലത്തിൽ തന്നെയുള്ള പ്രമുഖ എയർബാഗ് നിർമാതാക്കളായ തകാത്ത മാസങ്ങളായി  ശ്രമിക്കുന്നുണ്ട്. കടക്കെണിയുടെ ഭാഗമായുള്ള പുനഃസംഘടനയുടെ ഭാഗമായി കീ സേഫ്റ്റി തകാത്തയുടെ ആസ്തികൾ ഏറ്റെടുക്കുമെന്നാണു പ്രതീക്ഷ. കീ സ്ഥാപിക്കുന്ന പുതിയ കമ്പനി 160 കോടി ഡോളറി(ഏകദേശം 10,306.48 കോടി രൂപ)ന് തകാത്തയുടെ പ്രവർത്തനം സ്വന്തമാക്കാനാണു സാധ്യത. അപകടങ്ങളെത്തുടർന്നുള്ള നഷ്ടപരിഹാര ബാധ്യത മറ്റൊരു കമ്പനിക്കു കൈമാറി പുതിയ സംരംഭം എയർബാഗ്, സീറ്റ് ബെൽറ്റ് തുടങ്ങിയ ഘടകങ്ങളുടെ വിൽപ്പനയുമായി മുന്നോട്ടു പോകാനാണു നീക്കം. അതേസമയം പുതിയ നീക്കങ്ങളെക്കുറിച്ച് തകാത്ത കോർപറേഷൻ പ്രതികരിച്ചിട്ടില്ല. ചൈനീസ് സപ്ലയറായ നിങ്ബൊ ജോയ്സന്റെ ഉടമസ്ഥതയിലുള്ള കീ സേഫ്റ്റി സിസ്റ്റംസും തകാത്ത ഇടപാടിനെപ്പറ്റി മൗനം തുടരുകയാണ്. 

അതേസമയം പാപ്പർ ഹർജി സമർപ്പണ വാർത്തകളുടെ പശ്ചാത്തലത്തിൽ തകാത്ത ഓഹരികളുടെ വ്യാപാരം നിർത്തിവച്ചതായി വെള്ളിയാഴ്ച ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രഖ്യാപിച്ചിരുന്നു. തലേന്നു വ്യാപാരം അവസാനിക്കുമ്പോൾ കമ്പനിയുടെ വിപണി മൂല്യം 36 കോടി ഡോളർ(ഏകദേശം 2318.96 കോടി രൂപ) ആയിരുന്നു. കൂടാതെ എയർബാഗ് തകരാറിന്റെ പേരിൽ വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിച്ചതിനു തകാത്ത കോർപറേഷൻ വിവിധ നിർമാതാക്കൾക്കു നൽകേണ്ട നഷ്ടപരിഹാരവും അനിശ്ചിതത്വത്തിലാണ്. പ്രധാനമായും ജാപ്പനീസ് വാഹന നിർമാതാക്കൾക്കു തകാത്ത കോർപറേഷൻ മൊത്തം 85 കോടി ഡോളർ(5475.32 കോടിയോളം രൂപ) നഷ്ടപരിഹാരമായി നൽകാമെന്നായിരുന്നു ധാരണ.