Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോ മേധാവിയുടെ പ്രതിഫലം 59.66 കോടി

Pawan Munjal ( Hero Chairman ) Pawan Munjal

ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിനെ നയിക്കുന്ന പവൻ മുഞ്ജാളിന് 2016 — 17ൽ പ്രതിഫലമായി ലഭിച്ചത് 59.66 കോടി രൂപ; മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 3.94% അധികമാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോയുടെ ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമാണു മുഞ്ജാൾ.  ഹീറോ മോട്ടോ കോർപിലെ ജീവനക്കാർക്കു ലഭിക്കുന്ന ശരാശരി വാർഷിക പ്രതിഫലമായ 8.16 ലക്ഷം രൂപയുടെ 731 ഇരട്ടിയാണു മുഞ്ജാളിനു ലഭിച്ചതെന്നും കമ്പനിയുടെ 2016 — 17ലെ വാർഷിക റിപ്പോർട്ടിലുണ്ട്. 

അതേസമയം 2016 ഓഗസ്റ്റ് 16 വരെ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടറായിരുന്ന സുനിൽ കാന്ത് മുഞ്ജാളിന് 20.99 കോടി രൂപയാണു ഹീറോ മോട്ടോ കോർപ് അനുവദിച്ച പ്രതിഫലം. ഗ്രാറ്റുവിറ്റി, ലീവ് എൻകാഷ്മെന്റ് തുടങ്ങി വിരമിക്കലുമായി ബന്ധപ്പെട്ട മറ്റ് ആനൂകൂല്യങ്ങൾ ഇതിനു പുറമെ അനുവദിച്ചിരുന്നു. കമ്പനി ജീവനക്കാരുടെ ശരാശരി വാർഷിക പ്രതിഫലത്തിന്റെ 257 ഇരട്ടിയായിരുന്നു സുനിൽ കാന്ത് മുഞ്ജാളിന്റെ വേതനം.ഓപ്പറേഷൻസ് ഡയറക്ടർ (പ്ലാന്റസ്) തസ്തികയിൽ 2016 ഓഗസ്റ്റ് എട്ടിനു ചുമതലയേറ്റ വിക്രം എസ് കസ്ബേക്കർക്ക് ഹീറോ 2.22 കോടി രൂപയാണു ശമ്പളം നൽകിയത്.

മാനേജീരിയൽ തസ്തികളിലല്ലാത്ത ജീവനക്കാരുടെ വേതനത്തിൽ 2016 — 17ൽ 10.80% വർധന നടപ്പാക്കിയെന്നും ഹീറോ മോട്ടോ കോർപിന്റെ വാർഷിക റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഉൽപന്ന ശ്രേണി വികസിപ്പിക്കുന്നതിനൊപ്പം ഭാവിയുടെ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താനും ഹീറോ മോട്ടോ കോർപ് നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഓഹരി ഉടമകളെ അഭിസംബോധന ചെയ്ത പവൻ കുമാർ മുഞ്ജാൾ വെളിപ്പെടുത്തി. അതിവേഗം വികസിക്കുന്ന വൈദ്യുത വാഹന വിഭാഗത്തിലും കമ്പനി വിപുല സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. ഈ മേഖലയിൽ ആഭ്യന്തരമായി ശേഷി വിപുലീകരിക്കുന്നതിനൊപ്പം തന്ത്രപരമായ പങ്കാളിത്തങ്ങൾക്കും ഹീറോ തയാറെടുക്കുന്നുണ്ട്. ബെംഗളൂരുവിലെ വൈദ്യുത ഇരുചക്രവാഹന നിർമാണ സ്റ്റാർട് അപ്പായ ആതർ എനർജിയിൽ ഹീറോ മോട്ടോ കോർപ് നിക്ഷേപം നടത്തിയതും ഈ ലക്ഷ്യത്തോടെയാണ്. ആതർ എനർജിയിൽ 30% വരെ ഓഹരി പങ്കാളിത്തം ലക്ഷ്യമിട്ട് 205 കോടി രൂപ നിക്ഷേപിക്കുമെന്നു കഴിഞ്ഞ ഒക്ടോബറിലാണു ഹീറോ മോട്ടോ കോർപ് പ്രഖ്യാപിച്ചത്. 

Fasttrack  Auto News