Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ വൈദ്യുത ബസ് പരീക്ഷണ ഓട്ടം ചണ്ഡീഗഢിലും

Tata E Bus Tata E Bus

വൈദ്യുത ബസ്സിന്റെ പരീക്ഷണ ഓട്ടം ചണ്ഡീഗഢിൽ ആരംഭിച്ചതായി വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഒൻപതു മീറ്റർ നീളമുള്ള, 31 പേർക്കു യാത്ര  ചെയ്യാവുന്ന ‘ടാറ്റ അൾട്ര ഇലക്ട്രിക് 9 എം’ ബസ്സാണു രണ്ടാഴ്ച നീളുന്ന പരീക്ഷണ ഓട്ടത്തിനായി സംസ്ഥാന ഗതാഗത വകുപ്പിനും ചണ്ഡീഗഢ് ട്രാൻസ്പോർട് അണ്ടർടേക്കിങ്ങി(സി ടി യു)നുമൊപ്പമെത്തിയിരിക്കുന്നത്. സ്മാർട് സിറ്റി പദ്ധതി പ്രകാരം നഗരത്തിൽ വൈദ്യുത ബസ്സുകൾ സർവീസിനെത്തിക്കാൻ ചണ്ഡീഗഢ് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഏതാനും ആഴ്ച മുമ്പ് പർവാനൂവിൽ നിന്നും ഷിംലയിലേക്ക് ഒൻപതു മീറ്റർ നീളമുള്ള വൈദ്യുത ബസ്സുകൾ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഒറ്റത്തവണ ചാർജ് ചെയ്തപ്പോൾ ബസ് 160 കിലോമീറ്റർ വിജയകരമായി പിന്നിട്ടെന്നു ടാറ്റ മോട്ടോഴ്സ് അവകാശപ്പെട്ടു.

ചണ്ഡീഗഢിലെ പരീക്ഷണ ഓട്ടത്തിന്റെ ആദ്യ ദിനങ്ങളിലെ ഫലം പ്രതീക്ഷാവഹമാണെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വിലയിരുത്തൽ. ബാറ്ററി ചാർജിന്റെ 70% വിനിയോഗിച്ചു ബസ് 143 കിലോമീറ്റർ പിന്നിട്ടെന്നാണു കണക്ക്. പൊതുഗതാഗത മേഖല വൈദ്യുതീകരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വൈദ്യുത ബസ്സുകൾ പ്രോത്സാഹിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്സാവട്ടെ ഒൻപതു മുതൽ 12 മീറ്റർ വരെ നീളവും വ്യത്യസ്ത സീറ്റ് ലേ ഔട്ടുമായി വിവിധ വൈദ്യുത ബസ് മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ അവസാന ഘട്ട ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ ‘മാജിക് ഐറിസി’ന്റെ വൈദ്യുത പതിപ്പും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. 

നാഗ്പൂരിൽ നടക്കുന്ന സമാന പരീക്ഷണ ഓട്ടത്തിലും കമ്പനി പങ്കെടുക്കുന്നുണ്ടെന്ന് ടാറ്റ മട്ടോഴ്സ് എൻജിനീയറിങ് ഗവേഷണ കേന്ദ്രം മേധാവി ഡോ എ കെ ജിൻഡാൽ അറിയിച്ചു. മഹാരാഷ്ട്ര സർക്കാരുമായും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവുമായും സഹകരിച്ചാണു നാഗ്പൂരിൽ വൈദ്യുത ബസ് പരീക്ഷണ ഓട്ടം നടത്തുന്നത്. ഇതിനു പുറമെ വൈദ്യുത വാഹന വിനിയോഗത്തിന്റെ ബിസിനസ് മാതൃക ആവിഷ്കരിക്കാനായി കേന്ദ്ര സർക്കാർ രൂപീകരിച്ച വിവിധ പഠന സംഘങ്ങളുമായും ടാറ്റ മോട്ടോഴ്സ് സഹകരിക്കുന്നുണ്ട്. ഇത്തരം ബസ്സുകൾ പരമാവധി ആദായകരമായി ഉപയോഗിക്കാനുള്ള സംരംഭങ്ങളുമായാണു കമ്പനി സഹകരിക്കുന്നതെന്നും ഡോ ജിൻഡാൽ വ്യക്തമാക്കി. .