Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജീപ് കോംപസ്’ പ്രീ ബുക്കിങ്ങിനു തുടക്കം

Jeep Compass Jeep Compass

അടുത്തുതന്നെ ഇന്ത്യൻ വിപണിയിലെത്തുന്ന ‘ജീപ് കോംപസി’നുള്ള പ്രീബുക്കിങ് ഇറ്റാലിയൻ നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ) ഇന്ത്യ സ്വീകരിച്ചു തുടങ്ങി. കമ്പനി വെബ്സൈറ്റ് മുഖേനയും സമീപത്തെ എഫ് സി എ, ‘ജീപ്’ ഷോറൂമുകൾ വഴിയും അര ലക്ഷം രൂപ അഡ്വാൻസ് നൽകി ‘കോംപസ്’ ബുക്ക് ചെയ്യാം. 

‘ജീപ് കോംപസി’ൽ വാഹന പ്രേമികൾക്കുള്ള താൽപര്യം മുൻനിർത്തി 21 നഗരങ്ങളില 26 ഷോപ്പിങ് മാളുകളിൽ കസ്റ്റമർ ഔട്ട്റീച് പരിപാടിക്കു തുടക്കമിട്ടതായി എഫ് സി എ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അറിയിച്ചു. തുടക്കം മുതൽ മികച്ച സ്വീകാര്യതയാണു ‘ജീപ് കോംപസ്’ കൈവരിക്കുന്നത്. ഇന്ത്യൻ എസ് യു വി വിപണിയിൽ പുത്തൻ നിലവാരം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ‘ജീപ് കോംപസി’ന് ഉന്നത ഗുണമേന്മ ഉറപ്പാക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 

പുണെയ്ക്കടുത്ത് രഞ്ജൻഗാവിലുള്ള എഫ് സി എ ശാലയിൽ നിർമിക്കുന്ന ‘കോംപസ്’ മൂന്നു പതിപ്പുകളിലാണു ലഭ്യമാവുക: സ്പോർട്, ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ്. മിനിമൽ ഗ്രേ, എക്സോട്ടിക്ക റെഡ്, ഹൈഡ്രോ ബ്ലൂ, വോക്കൽ വൈറ്റ്, ഹിപ് ഹോപ് ബ്ലാക്ക് നിറങ്ങിലെത്തുന്ന ‘കോംപസ്’ ഫോർ ബൈ ടു, ടു ബൈ ടൂ ലേ ഔട്ടുകളിൽ വിൽപ്പനയ്ക്കുണ്ടാവും. 

രണ്ട് എൻജിൻ സാധ്യതകളാണു ‘കോംപസി’ൽ എഫ് സി എ വാഗ്ദാനം ചെയ്യുന്നത്: 160 എച്ച് പി വരെ കരുത്തും 250 എൻ എം വരെ ടോർക്കും സൃഷ്ടിക്കുന്ന മൾട്ടി എയർ പെട്രോളും 170 ബി എച്ച് പി കരുത്തും 350 എൻ എം വരെ ടോർക്കുമുള്ള ഡീസലും. ഇരു എൻജിനുകൾക്കുമൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു ഗീയർബോക്സ്; പെട്രോൾ എൻജിനൊപ്പം ഏഴു സ്പീഡ് ഡ്യുവൽ ഡ്രൈ ക്ലച് ടെക്നോളജി(ഡി ഡി സി ടി) ഓട്ടമാറ്റിക് ഗീയർബോക്സും ലഭ്യമാവും. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള എൻജിനുകളോടെയാണു ‘കോംപസി’ന്റെ വരവ്.

Read More: Auto News Auto Tips Fasttrack