Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മൾട്ടിക്സ്’ വിൽപ്പന വ്യാപിപ്പിക്കാൻ പൊളാരിസ്

multix-4 Polaris Multix

മിനി പിക് അപ് ട്രക്കായ ‘മൾട്ടിക്സി’ന്റെ വിപണനം വ്യാപിപ്പിക്കാൻ ഐഷർ പൊളാരിസ് ഒരുങ്ങുന്നു. ഇന്ത്യയിലെ വൻനഗരങ്ങൾക്കൊപ്പം മധ്യ, ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും ‘മൾട്ടിക്സ്’ വിൽപ്പന തുടങ്ങാനാണ് ഐഷർ പൊളാരിസിന്റെ പദ്ധതി. വിദേശ വിൽപ്പനയുടെ തുടക്കമെന്ന നിലയിൽ അടുത്ത മാസത്തോടെ നേപ്പാളിൽ ‘മൾട്ടിക്സ്’ അരങ്ങേറ്റം കുറിക്കും. പിന്നാലെ ബംഗ്ലദേശിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും വിപണന സാധ്യതയും കമ്പനി പരിശോധിക്കും.

തുടക്കത്തിൽ ഇന്ത്യയിലെ ചെറുകിട പട്ടണങ്ങളിലാണു ‘മൾട്ടിക്സ്’ വിൽപ്പനയ്ക്കെത്തിയതെന്ന് ഐഷർ പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ഡയറക്ടറുമായ പങ്കജ് ദുബെ ഓർമിപ്പിച്ചു. അടുത്ത ഘട്ടത്തിൽ മെട്രോ നഗരങ്ങളിലേക്കു ‘മൾട്ടിക്സ്’ വിപണനം വ്യാപിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെ ആദ്യ വിൽപ്പന കേന്ദ്രവും കമ്പനി തുറന്നിട്ടുണ്ട്. വർഷാവസാനത്തോടെ 150 നഗരങ്ങളിലായി 150 ഡീലർഷിപ്പുകൾ പൂർത്തിയാക്കാനാണ് ഐഷർ പൊളാരിസ് ലക്ഷ്യമിടുന്നത്. നിലവിൽ 80 ഡീലർഷിപ്പുകളാണു കമ്പനിക്കുള്ളത്; 25 എണ്ണം വികസനഘട്ടത്തിലുമുണ്ട്. നിലവിൽ ഡീലർഷിപ്പുകൾ ലഭ്യമായ നഗരങ്ങളിൽ പുതിയവ തുറക്കാൻ തൽക്കാലം പദ്ധതിയില്ലെന്നും ദുബെ  വ്യക്തമാക്കി. 

അടുത്ത മാസം കഠ്മണ്ഡുവിൽ ഡീലർഷിപ് തുറന്നാവും ഐഷർ പൊളാരിസ് ‘മൾട്ടിക്സ്’ നേപ്പാൾ വിപണിയിൽ അരങ്ങേറ്റം കുറിക്കുക. ഗ്വാട്ടിമാല ‘മൾട്ടിക്സി’നോടു താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഏതാനും വാഹനങ്ങൾ അവിടേക്കും അയയ്ക്കാൻ തീരുമാനമുണ്ട്. പ്രതികരണം ആശാവഹമെങ്കിൽ വൈകാതെ അവിടെയും ‘മൾട്ടിക്സ്’ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തുമെന്നു ദുബെ അറിയിച്ചു. ഇതിനു പുറമെ ഇന്ത്യയുമായുള്ള സാമ്യം പരിഗണിക്കുമ്പോൾ ബംഗ്ലദേശിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലുമൊക്കെ ‘മൾട്ടിക്സി’നു വിപണന സാധ്യതയുണ്ടെന്ന് ഐഷർ പൊളാരിസ് കരുതുന്നു.

ഇന്ത്യയിലെ ഐഷർ മോട്ടോഴ്സും യു എസ് ആസ്ഥാനമായ പൊളാരിസ് ഇൻഡസ്ട്രീസ് ഇൻകോർപറേറ്റഡും ചേർന്ന് 2012 ജൂലൈയിൽ സ്ഥാപിച്ച സംയുക്ത സംരംഭമാണ് ഐഷർ പൊളാരിസ്. ജയ്പൂരിനടുത്ത് കുകാസിലെ ശാലയിൽ പ്രതിവർഷം 60,000 വാഹനങ്ങൾ ഉൽപ്പാദിപ്പിക്കാൻ കമ്പനിക്കു ശേഷിയുണ്ട്. നിലവിൽ ഈ ശേഷിയുടെ 10% മാത്രമാണു വിനിയോഗിക്കുന്നതെന്നു ദുബെ അറിയിച്ചു. രണ്ടു മൂന്നു വർഷത്തിനകം ശേഷി വിനിയോഗം 50% ആക്കുകയാണ് ഐഷർ പൊളാരിസിന്റെ ലക്ഷ്യം. 

Read more: Auto News Fasttrack Auto Tips