Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിർമിത ഡീസൽ എൻജിൻ കയറ്റുമതിക്കു ഹോണ്ട

honda-cars-logo

ഇന്ത്യയിൽ നിർമിച്ച ഡീസൽ എൻജിനുകൾ കയറ്റുമതി ചെയ്യാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കാഴ്സ് ഒരുങ്ങുന്നു. രാജസ്ഥാനിലെ തപുകര ശാലയിൽ നിർമിച്ച 1.6 ലീറ്റർ ഡീസൽ എൻജിനുകളാണ് കമ്പനി അടുത്ത മാസത്തോടെ തായ്ലൻഡിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങുക.

ഇന്ത്യയിൽ നിലവിൽ ഉപയോഗത്തിലില്ലാത്ത ഡീസൽ എൻജിനാണു ഹോണ്ട കാഴ്സ് ഇന്ത്യ കയറ്റുമതിക്കായി നിർമിക്കുന്നതെന്ന സവിശേഷതയുമുണ്ട്. വാഹന പ്ലാറ്റ്ഫോമുകളുടെ രൂപകൽപ്പനയ്ക്കും വികസനത്തിനും നിർമാണത്തിനുമായി ഹോണ്ടയ്ക്കു വിപുല സംവിധാനമുള്ള തായ്ലൻഡിലേക്കാണു കമ്പനി ഇന്ത്യൻ നിർമിത എൻജിൻ തുടക്കത്തിൽ കയറ്റുമതി ചെയ്യുക. തുടർന്നു ഫിലിപ്പൈൻസ് പോലുള്ള മറ്റു വിപണികളിലെ ഉപയോഗത്തിനായി ഹോണ്ട ഈ എൻജിൻ കയറ്റുമതി ചെയ്യുമെന്നാണു സൂചന.

ഹോണ്ടയെ സംബന്ധിച്ചിടത്തോളം മാനുവൽ ട്രാൻസ്മിഷനുകളുടെയും ഡീസൽ എൻജിനുകളുടെയും നിർമാണത്തിനുള്ള വമ്പൻ ശാലയാണു തപുകരയിൽ പ്രവർത്തിക്കുന്നത്. ആഗോളതലത്തിൽ തന്നെ മാനുവൽ ട്രാൻസ്മിഷൻ കയറ്റുമതിയിൽ മുൻനിരയിലുള്ള ഹോണ്ട ശാലയും രാജസ്ഥാനിലേതു തന്നെ.

നിലവിൽ പ്രതിവർഷം 1.8 ലക്ഷം എൻജിനുകളാണു തപുകര ശാലയുടെ ഉൽപ്പാദനശേഷി.  1.2 ലീറ്റർ, 1.5 ലീറ്റർ പെട്രോൾ എൻജിനുകൾക്കൊപ്പം ‘സിറ്റി’യിലും ‘ജാസി’ലും ‘അമെയ്സിലു’മൊക്കെ ഉപയോഗത്തിലുള്ള 1.5 ലീറ്റർ ‘എർത്ത് ഡ്രീംസ്’ ഡീസൽ എൻജിനും ഹോണ്ട ഈ ശാലയിലാണു നിർമിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 450 എൻജിനാണ് ഇപ്പോൾ ഈ ശാല ദിവസേവും ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ ശാലയിലെ അസംബ്ലി ലൈനിനാവട്ടെ ദിവസം 670 എൻജിനുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തിയാണു ഹോണ്ട കാഴ്സ് 1.6 ലീറ്റർ ഡീസൽ എൻജിൻ നിർമാണത്തിന് ഒരുങ്ങുന്നത്.