Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോഡ് ‘ഇകോബൂസ്റ്റ്’ വീണ്ടും ‘എൻജിൻ ഓഫ് ദ് ഇയർ’

Ford EcoBoost, Ford EcoBoost Engine Ford EcoBoost Engine

യു എസ് നിർമാതാക്കളായ ഫോഡിന്റെ ‘1.0 ലീറ്റർ ഇകോ ബൂസ്റ്റി’ന് ‘എൻജിൻ ഓഫ് ദ് ഇയർ ബഹുമതി വീണ്ടും. തുടർച്ചയായ ആറാം വർഷമാണു ഫോഡിന്റെ ഈ എൻജിൻ ഒരു ലീറ്ററിൽ താഴെ ശേഷിയുള്ളവയുടെ വിഭാഗത്തിൽ പുരസ്കാരം നേടുന്നത്. ശേഷി കുറഞ്ഞ ഈ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ 2012ലാണ് അംഗീകാരം നേടുന്നത്. തുടർന്നുള്ള വർഷങ്ങൾക്കിടെ ‘എൻജിൻ ഓഫ് ദ് ഇയർ’ പുരസ്കാരത്തിൽ ഈ വിഭാഗത്തിൽ എതിരാളികളില്ലാത്ത പ്രകടനമാണ് ‘1.0 ലീറ്റർ ഇകോബൂസ്റ്റ്’ കാഴ്ചവയ്ക്കുന്നത്. ഒരു ലീറ്ററിൽ താഴെ ശേഷിയുള്ള എൻജിനുകളുടെ വിഭാഗത്തിലാണു ഫോഡിന്റെ ഈ മൂന്നു സിലിണ്ടർ എൻജിൻ നേട്ടം ആവർത്തിച്ചത്. 31 രാജ്യങ്ങളിൽ നിന്നുള്ള 58 വിധികർത്താക്കൾ ഉൾപ്പെട്ട പാനലാണ് എൻജിനുകളെ വിലയിരുത്തിയത്. 

പ്രകടനക്ഷമതയെയും കാര്യക്ഷമതയെയും സമന്വയിപ്പിക്കാനുള്ള മികവിലാണ് ഫോഡിന്റെ ‘1.0 ലീറ്റർ ഇകോബൂസ്റ്റ്’ പെട്രോൾ എൻജിൻ എതിരാളികളെ നിഷ്പ്രഭമാക്കുന്നത്. ആഗോളതലത്തിൽ വ്യത്യസ്ത ട്യൂണിങ് അവസ്ഥയിൽ ഈ എൻജിൻ ഉപയോഗിക്കപ്പെടുന്നുണ്ട്; 100 പി എസ്, 125 പി എസ്, 140 പി എസ് എന്നിങ്ങനെയാണു വിവിധ മോഡലുകളിൽ ഉപയോഗത്തിലുള്ള ‘1.0 ലീറ്റർ ഇകോബൂസ്റ്റ്’ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്ത്. പ്രകടനത്തിൽ തെല്ലും വിട്ടുവീഴ്ച ചെയ്യാതെ തകർപ്പൻ ഇന്ധനക്ഷമത കൈവരിക്കുന്നു എന്നതും ‘ഇകോബൂസ്റ്റി’ന്റെ സവിശേഷതയാണ്.

കളി നിയമങ്ങൾ മാറ്റിയെഴുതുന്ന പ്രകടനമാണ് ‘1.0 ലീറ്റർ ഇകോബൂസ്റ്റ്’ കാഴ്ചവയ്ക്കുന്നതെന്ന് ഫോഡ് ഓഫ് യൂറോപ് വൈസ് പ്രസിഡന്റ്(പ്രോഡക്ട് ഡവലപ്മെന്റ്) ജോ ബകാജ് കരുതുന്നു. ഇകോബൂസ്റ്റ്, ഡയറക്ട് ഫ്യുവൽ ഇൻജക്ഷൻ, സ്വതന്ത്രമായ, ഇരട്ട വേരിയബ്ൾ കാംഷാഫ്റ്റ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ പിൻബലമുള്ള ചെറിയ, ഇന്ധനക്ഷമതയേറിയ എൻജിനുകൾക്കു പുത്തൻ നിലവാരം സൃഷ്ടിക്കാൻ ‘1.0 ലീറ്റർ ഇകോബൂസ്റ്റി’നു കഴിഞ്ഞെന്നും അദ്ദേഹം വിലയിരുത്തുന്നു. 

രാജ്യാന്തരതലത്തിൽ പത്തോളം ‘എൻജിൻ ഓഫ് ദ് ഇയർ’ ബഹുമതികൾ വാരിക്കൂട്ടിയെങ്കിലും പവർട്രെയ്ൻ എൻജിനീയറിങ്ങിൽ പുതിയ ഉയരങ്ങൾ കീഴടക്കാനാണു കമ്പനി ശ്രമിക്കുന്നത്. ഈ മേഖലയിലെ തുടർഗവേഷണ, വികസന പ്രവർത്തനങ്ങളിലൂടെ ‘1.0 ലീറ്റർ ഇകോബൂസ്റ്റി’ൽ നിന്നു കൂടുതൽ നേട്ടങ്ങൾ സൃഷ്ടിക്കാനും കമ്പനിക്കു കഴിയുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.