Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം പിറന്നാൾ ആനുകൂല്യങ്ങളുമായി ‘ജീത്തൊ’

jeeto

ചെറു വാണിജ്യ വാഹന(എസ് സി വി)മായ ‘ജീത്തൊ’ നിരത്തിലെത്തിയതിന്റെ രണ്ടാം വാർഷികം പ്രമാണിച്ച് ഇളവുകളും ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). മിനി ട്രക്കായ ‘ജീത്തൊ’യുടെ ഇതുവരെയുള്ള വിൽപ്പന അര ലക്ഷം യൂണിറ്റ് പിന്നിട്ടതായും എം ആൻഡ് എം അവകാശപ്പെട്ടു. ‘ജീത്തൊ’യുടെ രണ്ടാം വാർഷികം പ്രമാണിച്ച് ആകർഷക വായ്പാ പദ്ധതികളും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതിയുമാണു മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. 

ഉപഭോക്തൃ കേന്ദ്രീകൃതവും വിപണിയെ നയിക്കാൻ പ്രാപ്തിയുള്ളതുമായ മോഡലുകളുടെ വികസനത്തിൽ മഹീന്ദ്രയ്ക്കുള്ള വൈഭവത്തിനു തെളിവാണു ‘ജീത്തൊ’യുടെ വിജയമെന്നു കമ്പനിയുടെ ഓട്ടമോട്ടീവ് സെക്ടർ പ്രസിഡന്റ് രാജൻ വധേര അഭിപ്രായപ്പെട്ടു. മുടക്കുന്ന പണത്തിനു പരമാവധി മൂല്യം ഉറപ്പു നൽകുന്ന, മൊഡുലർ റേഞ്ചിലുള്ള എട്ടു മിനി ട്രക്കുകളിലൂടെ ഈ വിഭാഗത്തിൽ തകർപ്പൻ പ്രകടനം നടത്ാൻ ‘ജീത്തൊ’യ്ക്കു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉയർന്ന ഇന്ധനക്ഷമത, കൂടുതൽ വരുമാനം നേടാനുള്ള കഴിവ്, കാറിനോടു കിട പിടിക്കുന്ന സുഖസൗകര്യം തുടങ്ങി ‘ജീത്തൊ’യുടെ വാഗ്ദാനങ്ങൾ ഉപയോക്താക്കൾ സ്വീകരിച്ചു. വാഹന ഉടമകൾക്കു കൂടുതൽ നേട്ടങ്ങൾ സമ്മാനിക്കാനുള്ള ഇത്തരം ശ്രമം തുടരുമെന്നും വധേര ഉറപ്പു നൽകി. 

അവസാന മൈൽ ചരക്കു നീക്കത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ വിഭാഗത്തിൽ മികച്ച വിൽപ്പന നേടാൻ ‘ജീത്തൊ’യ്ക്കു സാധിച്ചെന്നാണു കണക്കുകൾ നൽകുന്ന സൂചന. ടാറ്റ മോട്ടോഴ്സിന്റെ ‘എയ്സി’നോടും അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ പിയാജിയൊ ‘പോർട്ടറോ’ടുമൊക്കെയാണു ‘ജീത്തൊ’യുടെ മത്സരം. രണ്ടു ടണ്ണിലേറെ ഭാര വാഹക ശേഷിയും നാലു വീലുമുള്ള എസ് സി വി വിഭാഗത്തിൽ 22% വിപണി വിഹിതമാണു ‘ജീത്തൊ’യിലൂടെ മഹീന്ദ്ര അവകാശപ്പെടുന്നത്. 2016 — 17ലെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 25% വളർച്ചയും ‘ജീത്തൊ’ നേടിയെന്നാണു നിർമാതാക്കളുടെ കണക്ക്. 

അറുനൂറും എഴുനൂറും കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയോടെ എത്തുന്ന ‘ജീത്തൊ’ മൂന്നു പതിപ്പുകളിലാണു വിൽപ്പനയ്ക്കുള്ളത്: എസ് സീരീസ്, എൽ സീരീസ്, എക്സ് സീരീസ്. 625 സി സി, സിംഗിൾ സിലിണ്ടർ, വാട്ടർ കൂൾഡ് എൻജിനാണ് മൂന്നു പതിപ്പിലുമുള്ളത്; എന്നാൽ ഈ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്ത് 11 ബി എച്ച് പിയും 16 ബി എച്ച് പിയുമാണ്. 38 എൻ എം വരെ ടോർക്ക് സൃഷ്ടിക്കാനാവുന്ന എൻജിനു കൂട്ട് നാലു സ്പീഡ് സിങ്ക്രൊമെഷ് മാനുവൽ ഗീയർ ബോക്സാണ്.