Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2 വർഷത്തിനകം 2 ലക്ഷം വിൽപ്പന നേടി ‘ബലേനൊ’

Baleno Baleno

നിരത്തിലെത്തി വെറും 20 മാസത്തിൽ രണ്ടു ലക്ഷം യൂണിറ്റ് വിൽപ്പന സ്വന്തമാക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’. 2015 ഒക്ടോബറിൽ അരങ്ങേറ്റം കുറിച്ചതു മുതൽ തകർപ്പൻ വിൽപ്പന കൈവരിച്ചാണു ‘ബലേനൊ’യുടെ മുന്നേറ്റം. ഏതാനും മാസം മുമ്പ് വിപണിയിലെത്തിയ, ഒരു ലീറ്റർ ബൂസ്റ്റർ ജെറ്റ് എൻജിനുള്ള സ്പോർട്ടി പതിപ്പായ ‘ബലേനൊ ആർ എസി’ന്റെ വിൽപ്പന കണക്കിലെടുക്കാതെയാണ് മാരുതി സുസുക്കി ഈ തകർപ്പൻ നേട്ടം സ്വന്തമാക്കിയത്. 

അതേസമയം ‘ബലേനൊ’യുടെ ആഭ്യന്തര വിൽപ്പന രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടതിനെപ്പറ്റി മാരുതി സുസുക്കി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തുടക്കത്തിൽ ആറു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പലരും പുത്തൻ ‘ബലേനൊ’ സ്വന്തമാക്കിയത്. ഗുജറാത്ത് ശാലയിൽ കൂടി ഉൽപ്പാദനം ആരംഭിച്ചതോടെ നില ഗണ്യമായി മെച്ചപ്പെട്ടെങ്കിലും ‘ബലേനൊ’യുടെ ചില വകഭേദങ്ങൾ ലഭിക്കാൻ ഇപ്പോഴും കാത്തിരിക്കേണ്ട സ്ഥിതിയാണ്. പോരെങ്കിൽ ഇന്ത്യയിൽ വിറ്റഴിഞ്ഞ ‘ബലേനൊ’യിൽ 75 ശതമാനവും പെട്രോൾ എൻജിനുള്ളവയാണെന്ന സവിശേഷതയുമുണ്ട്. 

വിപണിയിലെത്തി ആദ്യ വർഷം പൂർത്തിയാകുംമുമ്പുതന്നെ ‘ബലേനൊ’ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു. തുടർന്നുള്ള ആറു മാസത്തിനുള്ളിൽ അര ലക്ഷം ‘ബലേനൊ’കൾ കൂടി നിരത്തിലിറങ്ങി. മാസം തോറും പതിനാറായിരത്തിലേറെ യൂണിറ്റിന്റെ ശരാശരി വിൽപ്പന കൈവരിച്ചാണു ‘ബലേനൊ’ മുന്നേറുന്നത്. കഴിഞ്ഞ മേയ് വരെയുള്ള കണക്കനുസരിച്ച് 1,97,660 ‘ബലേനൊ’യാണു വിറ്റു പോയത്. ഈ നില തുടർന്നാൽ ജൂൺ ആദ്യം തന്നെ ‘ബലേനൊ’ വിൽപ്പന രണ്ടു ലക്ഷം യൂണിറ്റിനു മുകളിലെത്തിയിട്ടുണ്ട്. 

രാജ്യത്ത് ഏറ്റവുമധികം പ്രതിമാസ വിൽപ്പന നേടുന്ന കാറുകളുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിലൊന്ന് 2015 നവംബർ മുതൽ തന്നെ ‘ബലേനൊ’ സ്വന്തമാക്കുന്നുണ്ട്. 2017 ഏപ്രിലിൽ രേഖപ്പെടുത്തിയ 17,530 യൂണിറ്റാണു ‘ബലേനൊ’യുടെ ഇതുവരെയുള്ള ഏറ്റവും മികച്ച വിൽപ്പന. കഴിഞ്ഞ മാസം വരെയുള്ള വിൽപ്പനയായ 1,97,660 യൂണിറ്റിൽ 1,53,743 എണ്ണവും പെട്രോൾ എൻജിൻ ഘടിപ്പിച്ചവയാണ്; അവശേഷിക്കുന്ന 43,917 യൂണിറ്റ് മാത്രമാണു ഡീസൽ ‘ബലേനൊ’യുടെ വിഹിതം. മാരുതി സുസുക്കി സ്ഥാപിച്ച പുതുതലമുറ വിപണന ശൃംഖലയായ ‘നെക്സ’യിലെ ഏറ്റവും വിജയകരമായ മോഡലും ‘ബലേനൊ’ തന്നെ. ‘എസ് ക്രോസി’നു ലഭിച്ച തണുപ്പൻ വരവേൽപ്പിൽ നിന്ന കരകയറാൻ ‘നെക്സ’യെ സഹായിച്ചതും ‘ബലേനൊ’ തന്നെ.