Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ടി വി എസ് കിങ്’ ലങ്കയിലേക്ക്; വില 6.92 ലക്ഷം ലങ്കൻ രൂപ

TVS King Autorickshaw TVS King Autorickshaw

ശ്രീലങ്കയിലേക്കുള്ള വാഹന കയറ്റുമതി ഊർജിതമാക്കാൻ ചെന്നൈ ആസ്ഥാനമായ ടി വി എസ് മോട്ടോർ കമ്പനി ഒരുങ്ങുന്നു. 200 സി സി എൻജിനുള്ള ത്രിചക്ര വാഹനമായ ‘കിങ്ങി’ന്റെ വിപണനം ആരംഭിക്കുന്നതിനു മുന്നോടിയായി ശ്രീലങ്കയിലെ അബാൻസ് ഓട്ടോയുമായി ടി വി എസ് ധാരണാപത്രവും ഒപ്പിട്ടു.

‘ടി വി എസ് കിങ്’ ശ്രീലങ്കയിൽ 6,91,850 ശ്രീലങ്കൻ രൂപ(ഏകദേശം 291151.09 ഇന്ത്യൻ രൂപ) വിലയ്ക്കാവും വിൽപ്പനയ്ക്കെത്തുക. ലങ്കയിൽ അബാൻസ് ഓട്ടോയ്ക്കുള്ള ഇരുനൂറോളം ഷോറൂമുകൾ മുഖേനയാവും ‘ടി വി എസ് കിങ്ങി’ന്റെ വിൽപ്പന. ഇതിനു പുറമെ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ മറ്റു ഡീലർമാരെയും നിയോഗിച്ചിട്ടുണ്ടെന്ന് ടി വി എസ് അറിയിച്ചു. ഇതോടൊപ്പം ടി വി എസ് മോട്ടോർ വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അബാൻസ് ഫിനാൻസ് വായ്പാ പദ്ധതികളും ലഭ്യമാക്കും. 

വിൽപ്പന, വിൽപ്പനാന്തര സേവന രംഗങ്ങളിൽ മികച്ച സേവനം ലഭ്യമാക്കുന്നതിലാണ് അബാൻസ് ഗ്രൂപ്പിനു പേരും പെരുമയുമുണ്ടെന്ന് ടി വി എസ് മോട്ടോർ കമ്പനി സീനിയർ വൈസ് പ്രസിഡന്റ് (ഇന്റർനാഷനൽ ബിസിനസ്) ആർ ദിലീപ് അഭിപ്രായപ്പെട്ടു. അബാൻസുമായുള്ള സഖ്യം ‘കിങ്ങി’ന് ശ്രീലങ്കയിൽ സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

ശ്രീലങ്കൻ സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമായ വാഹനമാണ് താങ്ങാവുന്ന വിലയ്ക്ക് വിൽപ്പനയ്ക്കെത്തുന്ന ‘ടി വി എസ് കിങ്’ എന്ന് അബാൻസ് പി എൽ സി മാനേജിങ് ഡയറക്ടർ ബെഹ്മാൻ പെസ്റ്റോൺജി അഭിപ്രായപ്പെട്ടു. അബാൻസ് ഫിനാൻസിൽ നിന്നുള്ള വായ്പാ പദ്ധതികൾ കൂടിയാവുന്നതോടെ ‘ടി വി എസ് കിങ്ങി’നു ലങ്കയിൽ മികച്ച വിപണി കണ്ടെത്താനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.