Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്യുവൽ ഇഞ്ചക്‌ഷൻ ഹിമാലയനുമായി റോയൽ എൻഫീൽഡ്

himalayan-testride-9 Royal Enfield Himalayan

മലിനീകരണ നിയന്ത്രണത്തിൽ ഉയർന്ന നിലവാരം കൈവരിക്കാനായി അഡ്വഞ്ചർ ടൂററായ ‘ഹിമാലയൻ’ ഉൽപ്പാദനം റോയൽ എൻഫീൽഡ് താൽക്കാലികമായി നിർത്തി. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരവും ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവുമുള്ള പരിഷ്കരിച്ച ‘ഹിമാലയൻ’ പതിപ്പ് ഓഗസ്റ്റിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ മാർച്ച് 31നു തന്നെ ഭാരത് സ്റ്റേജ് മൂന്ന് നിലവാരമുള്ള ‘ഹിമാലയൻ’ വിൽപ്പന റോയൽ എൻഫീൽഡ് നിർത്തിവച്ചിരുന്നു. 

ബൈക്കിന്റെ ഫ്യുവൽ ഇഞ്ചക്റ്റഡ് പതിപ്പ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനം മാർച്ചിൽ തന്നെ റോയൽ എൻഫീൽഡ് നടത്തിയിരുന്നു. എന്നാൽ ബി എസ് നാൽ നിലവാരം പാലിക്കുന്ന ‘ഹിമാലയൻ’ ഉൽപ്പാദനസജ്ജമാവാൻ പ്രതീക്ഷിച്ചതിലും വൈകി.  എന്നാൽ പോരായ്മകൾ പരിഹരിച്ച് ഓഗസ്റ്റിൽ വിൽപ്പന പുനഃരാരംഭിക്കാവുന്ന തരത്തിൽ ബി എസ് നാല് നിലവാരമുള്ള ‘ഹിമാലയൻ’ നിർമാണം റോയൽ എൻഫീൽഡ് ആരംഭിച്ചെന്നാണു സൂചന. 

കഴിഞ്ഞ വർഷം മാർച്ചിലാണ് റോയൽ എൻഫീൽഡ് ‘ഹിമാലയൻ’ അരങ്ങേറ്റം കുറിച്ചത്; കാർബുറേറ്റർ സഹിതം വിൽപ്പനയ്ക്കെത്തിയ ബൈക്കിനു മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് മൂന്ന് നിലവാരമാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റിൽ പുറത്തെത്തുന്ന ബൈക്കിൽ ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ(ഇ എഫ് ഐ) സംവിധാനം ഇടംപിടിക്കും; ഇതോടെ മലിനീകരണ നിയന്ത്രണത്തിൽ ബി എസ് നാല് നിലവാരം കൈവരിക്കാൻ ‘ഹിമാലയ’നു സാധിക്കും.അതേസമയം ഫ്യുവൽ ഇഞ്ചക്ഷനപ്പുറമുള്ള മാറ്റങ്ങളൊന്നുമില്ലാതെയാവും ‘2017 ഹിമാലയ’ന്റെ വരവെന്നാണു വിലയിരുത്തൽ. 6500 ആർ പി എമ്മിൽ 24 ബി എച്ച് പി വരെ കരുത്തും 4250 ആർ പി എമ്മിൽ 32 എൻ എം വരെ ടോർക്കും സൃഷ്ടിക്കുന്ന 411 സി സി എൻജിൻ തന്നെയാവും ‘ഹിമാലയ’നു കരുത്തേകുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

ഭാരത് സ്റ്റേജ് നാല് നിലവാരത്തിലേക്കു മാറുന്നതോടെ ‘ഹിമാലയ’ന്റെ വിലയിൽ 6,000 — 7,000 രൂപയുടെ വില വർധനയും പ്രതീക്ഷിക്കുന്നുണ്ട്. ചരക്ക്, സേവന നികുതി(ജി എസ് ടി) പ്രകാരം 350 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് ഉയർന്ന നികുതി ബാധകമാവുന്നതു മൂലമാണിത്.