Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരിയും വിറ്റ് മക്ലാരൻ വിടാൻ റോൺ ഡെന്നീസ്

McLaren confirms change to graphite grey

ഫോർമുല വൺ റേസ് ട്രാക്കിലെ പരാജയ പരമ്പരയ്ക്കൊടുവിൽ റോൺ ഡെന്നീസും മക്ലാരനും വഴി പിരിയുന്നു. നീണ്ട 37 വർഷത്തെ സേവനത്തിനൊടുവിലാണു ഡെന്നീസ് മക്ലാരൻ ഫോർമുല വൺ ടീമിന്റെയും സ്പോർട്സ് കാർ നിർമാണ കമ്പനിയുടെയും ചെയർമാൻ സ്ഥാനം ഒഴിയുന്നത്. കമ്പനിയിൽ തനിക്കുള്ള ഓഹരി പങ്കാളിത്തവും വിറ്റൊഴിയാൻ ഡെന്നീസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വിപണിയിൽ 300 കോടി ഡോളർ(ഏകദേശം 19,392 കോടി രൂപ) മൂല്യം കണക്കാക്കുന്ന കമ്പനിയായ മക്ലാരൻ 2012നു ശേഷം ഒറ്റ ഗ്രാൻപ്രി പോലും ജയിച്ചിട്ടില്ല; എൻജിൻ ദാതാക്കളായ ഹോണ്ടയുമായുള്ള ബന്ധം വഷളായതോടെ ഇക്കൊല്ലത്തെ ചാംപ്യൻഷിപ്പിൽ ദയനീയ പ്രകടനത്തോടെ അവസാന സ്ഥാനത്തുമാണു ടീം.

ഓഹരി ഉടമകളുടെ എതിർപ്പിനെ തുടർന്നു കഴിഞ്ഞ നവംബറിൽ തന്നെ ഡെന്നീസിന് മക്ലാരൻ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം നഷ്ടമായിരുന്നു. മക്ലാരനെ സ്വന്തമാക്കാൻ ചൈനീസ് സംരംഭകർ നടത്തുന്ന ശ്രമത്തെ പിന്തുണച്ചതാണ് ഡെന്നീസിനെ ഓഹരി ഉടമകളുടെ അപ്രീതിക്ക് പാത്രമാക്കിയത്. ഇതോടെ മക്ലാരന്റെ ഭാവി സംബന്ധിച്ച തീരുമാനങ്ങളിൽ നിന്നു ഡെന്നീസിനെ മാറ്റി നിർത്തുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിനു ശമ്പളവും ആനുകൂല്യങ്ങളും സഹിതമുള്ള നിർബന്ധിത അവധി നൽകാൻ ഓഹരി ഉടമകൾ തീരുമാനിക്കുകയായിരുന്നു. 

ബഹ്റൈനിലെ മുംതലക്കാട്ട് ഹോൾഡിങ് കമ്പനിയുടെയും സൗദി ബിസിനസുകാരനായ മൻസൂർ ഒജെയുടെ നേതൃത്വത്തിലുള്ള ടി എ ജി ഗ്രൂപ്പിന്റെയും പക്കലാണ് മക്ലാരന്റെ ഭൂരിഭാഗം ഓഹരികൾ. ഇവർ തന്നെ ഡെന്നീസിന്റെ പക്കലുള്ള ഓഹരികളും ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്; പക്ഷേ ടീമിന്റെ പ്രകടനം മെച്ചപ്പെടണമെന്നാണ് ഓഹരി ഉടമകളുടെ പ്രധാന നിബന്ധന. ശേഷിക്കൊത്ത പ്രകടനമല്ല നിലവിൽ മക്ലാരൻ റേസിങ് കാഴ്ചവയ്ക്കുന്നതെന്നു കഴിഞ്ഞ ദിവസം ഒജെ അഭിപ്രായപ്പെട്ടിരുന്നു. ടീമിന്റെ പൂർവകാല ചരിത്രം ഇതിനു തെളിവാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

സാങ്കേതികവിദ്യയും ബ്രാൻഡിങ്ങുമൊക്കെ പങ്കിടുന്നതിന്റെ ഭാഗമായി ട്രാക്ക് റേസിങ് ബിസിനസിനെയും സ്പോർട്സ് കാർ നിർമാണത്തെയും പുതിയ ഹോൾഡിങ് കമ്പനിക്കു കീഴിലാക്കാൻ മക്ലാരൻ ആലോചിക്കുന്നുണ്ട്. ആസ്റ്റൻ മാർട്ടിൻ പോലുള്ള കമ്പനികളെ നേരിടാൻ 2010ലാണു മക്ലാരൻ പ്രത്യേക സ്പോർട്സ് കാർ നിർമാണ വിഭാഗത്തിനു തുടക്കമിട്ടത്. ദക്ഷിണ ഇംഗ്ലണ്ടിലെ വോക്കിങ്ങിലാണ് ഇരുകമ്പനികളുടെയും ആസ്ഥാനമെങ്കിലും പ്രവർത്തനം വ്യത്യസ്ത നിലയിലാണ്. 

Read More: Auto News Auto Tips Fasttrack