Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി എസ് ടി: മാരുതി കാറുകൾക്ക് 3% വിലക്കിഴിവ്

brezza-1

പുതിയ ചരക്ക്, സേവന നികുതി(ജി എസ് ടി) നിലവിൽ വന്നതോടെ വിവിധ മോഡലുകളുടെ വില മൂന്നു ശതമാനം വരെ കുറഞ്ഞതായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). ജി എസ് ടി നടപ്പാവും മുമ്പ് നിലവിലുണ്ടായിരുന്ന മൂല്യവർധിത നികുതി(വാറ്റ്) നിരക്കിനെ ആശ്രയിച്ചാവും ഓരോ സ്ഥലത്തും ലഭ്യമാവുന്ന കൃത്യമായ വിലക്കിഴിവെന്നും മാരുതി സുസുക്കി വ്യക്തമാക്കി.

ജി എസ് വിജയകരമായി അവതരിപ്പിച്ചതിന് കേന്ദ്ര സർക്കാരും നയരൂപീകരണ സമിതികളും അഭിനന്ദനം അർഹിക്കുന്നതായി മാരുതി സുസുക്കി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ അഭിപ്രായപ്പെട്ടു. നികുതി രംഗത്തു ചരിത്രപരമായ പരിഷ്കാരമാണ് ജി എസ് ടിയിലൂടെ നിലവിൽ വന്നത്. ബിസിനസ് നടപടികൾ അനായാസമാക്കുമെന്നതിനപ്പുറമുള്ള പ്രാധാന്യം ജി എസ് ടിക്കുണ്ടെന്നും അയുകാവ വിലയിരുത്തി. 

സാമ്പത്തിക പരിഷ്കരണ നടപടികളിൽ ഇന്ത്യയ്ക്കുള്ള പ്രതിബദ്ധതയാണ് ജി എസ് ടി വിളംബരം ചെയ്യുന്നത്. രാജ്യത്തിന്റെ വികസനവും വളർച്ചയും മുൻനിർത്തി സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള പങ്കാളികൾ ഒത്തു ചേർന്നുപ്രവർത്തിക്കുന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണു ജി എസ് ടി അവതരണം. 

അതേസമയം, ജി എസ് ടിയുടെ വരവോടെ നിലവിൽ ലഭിച്ചിരുന്ന നികുതി ഇളവുകൾ പിൻവലിച്ച സാഹചര്യത്തിൽ സ്മാർട് ഹൈബ്രിഡ് ‘സിയാസ്’ ഡീസൽ, സ്മാർട് ഹൈബ്രിഡ് ‘എർട്ടിഗ’ ഡീസൽ എന്നിവയുടെ വില ഉയരുമെന്നും മാരുതി സുസുക്കി വെളിപ്പെടുത്തി. പുതുക്കിയ  വില ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലെത്തിയെന്നും കമ്പനി അറിയിച്ചു.

Read More: Auto News Auto Tips Fasttrack