Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനിൽ കാർ വിൽക്കാൻ ഫോക്സ്‌‌വാഗനും

volkswagen-dus-auto

ഇറാനിലേക്കുള്ള കാർ കയറ്റുമതി പുനഃരാരംഭിക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌‌വാഗൻ തയാറെടുക്കുന്നു. രാജ്യാന്തരതലത്തിൽ നിലനിന്ന ഉപരോധങ്ങളെ തുടർന്ന് 17 വർഷത്തോളമായി തുടരുന്ന ഇടവേളയ്ക്കൊടുവിലാണ് ഫോക്സ്‌‌വാഗൻ വീണ്ടും ഇറാനിൽ വിൽപ്പനയ്ക്കെത്തുന്നത്. ഇറാനിൽ തിരിച്ചെത്തുന്നതോടെ ചൈനയും ബ്രസീലും പോലെ ചാഞ്ചാട്ട സാധ്യതയേറിയ വിപണികളിലുള്ള ആശ്രയത്വം കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണു കമ്പനി.

ഇറാനിലേക്കു കാറുകൾ ഇറക്കുമതി ചെയ്തു വിൽക്കാനായി മമ്മുട് ഖൊദ്രൊയുമായി ഫോക്സ്‌‌വാഗൻ കരാറും ഒപ്പിട്ടു. രാജ്യത്തെ എട്ടു ഡീലർഷിപ്പുകൾ വഴി ‘ടിഗ്വൻ’, ‘പസറ്റ്’ മോഡലുകളാവും ഇറാനിൽ തുടക്കത്തിൽ വിൽപ്പനയ്ക്കെത്തുക. പ്രധാനമായും രാജ്യതലസ്ഥാനമായ ടെഹ്റാൻ കേന്ദ്രീകരിച്ചാവും കമ്പനിയുടെ പ്രവർത്തനമെന്നും ഫോക്സ്‌‌വാഗൻ വെളിപ്പെടുത്തി.

യു എസിലെ ‘പുകമറ’ വിവാദത്തിൽ കുടുങ്ങി ശതകോടിക്കണത്തിനു ഡോളർ നഷ്ടപരിഹാര ബാധ്യത പ്രതീക്ഷിക്കുന്ന ഫോക്സ്‌‌വാഗനെ സംബന്ധിച്ചിടത്തോളം പുതിയ വിപണികളും പുത്തൻ ആശയങ്ങളും അനിവാര്യതയാണ്. പരമ്പരാഗത കാറുകൾക്കു പകരം വൈദ്യുത കാർ പോലുള്ള പുതിയ മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിനൊപ്പമാണു ഫോക്സ്വാഗൻ ഇറാൻ പോലുള്ള പുത്തൻ വിപണികളിൽ വിൽപ്പന തുടങ്ങാനും തയാറെടുക്കുന്നത്.

മൊത്തം വിൽപ്പനയുടെ മൂന്നിലൊന്നുമായി ഫോക്സ്‌‌വാഗന്റെ ഏറ്റവും വലിയ വിപണിയായ ചൈനയിൽ കഴിഞ്ഞ ജനുവരി — മേയ് കാലത്തേറ്റ തിരിച്ചടിയും കമ്പനിക്കു തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 3.3% ഇടിവോടെ 15.10 ലക്ഷം കാറുകളാണു ഫോക്സ്‌‌വാഗൻ ചൈനയിൽ വിറ്റത്. ബ്രസീലിലെ വിൽപ്പനയാവട്ടെ മുൻവർഷത്തെ അപേക്ഷിച്ച് 1.9% ഇടിവോടെ 1.16 ലക്ഷം യൂണിറ്റായി.

ഫോക്സ്‌‌വാഗന്റെ ഫ്രഞ്ച് എതിരാളികളായ പി എസ് എ പ്യുഷൊ സിട്രോനും റെനോയുമൊക്കെ നേരത്തെ തന്നെ ഇറാനിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ നടപടി സ്വീകരിച്ചിരുന്നു. രാജ്യാന്തര തലത്തിലെ സാന്നിധ്യം ശക്തമാക്കാനുള്ള നടപടികളാണു കമ്പനി സ്വീകരിച്ചു വരുന്നതെന്ന്് ഫോക്സ്‌‌വാഗന്റെ ഇറാൻ പ്രോജക്ട് മേധാവി ആൻഡേഴ്സ് സണ്ട് ജെൻസൻ സ്ഥിരീകരിച്ചു. വുൾഫ്ബർഗ് ആസ്ഥാനമായ ഫോക്സ്‌‌വാഗൻ 1950കളിൽ തന്നെ ഇറാനിൽ ‘ബീറ്റ്ൽ’ വിൽപ്പനയ്ക്കെത്തിച്ചിരുന്നു. 1990കളിൽ സബ്കോംപാക്ട് കാറായ ‘ഗോൾ’ ഇറാനിലെത്തി. എന്നാൽ 2000 ആയതോടെ കമ്പനി ഇറാൻ വിപണിയോടു വിട വാങ്ങി. സമീപ ഭാവിയിൽ ഇറാനിലെ വാർഷിക കാർ വിൽപ്പന 30 ലക്ഷത്തോളം യൂണിറ്റിലെത്തുമെന്ന പ്രതീക്ഷയിലാണു ഫോക്സ്‌‌വാഗൻ.