Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡസ്റ്ററിന്റെ വില ഒരു ലക്ഷം വരെ കുറച്ച് റെനോ

new-duster Renault Duster

ചരക്ക്, സേവന നികുതി(ജി എസ് ടി) നിലവിൽവന്ന സാഹചര്യത്തിൽ ഫ്രഞ്ച് നിർമാതാക്കളായ റെനോയും ഇന്ത്യയിലെ വാഹന വില കുറച്ചു. വാഹന വിലയിൽ ഏഴു ശതമാനം വരെ ഇളവ് അനുവദിച്ചതോടെ റെനോ ഇന്ത്യയുടെ മോഡലുകൾക്ക് 5,200 രൂപ മുതൽ 1.04 ലക്ഷം രൂപ വരെ വില കുറഞ്ഞു. 

എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ് ക്ലൈംബർ എ എം ടി’യുടെ വില 5,200 മുതൽ 29,500 രൂപ വരെയാണു കുറഞ്ഞത്. എസ് യു വിയായ ‘ഡസ്റ്ററി’ന്റെ ‘ആർ എക്സ് സെഡ് ’ ഓൾ വീൽ ഡ്രൈവിന്റെ വിലയാവട്ടെ 30,400 രൂപ മുതൽ 1,04,700 രൂപ വരെ കുറഞ്ഞിട്ടുണ്ട്. വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ലോജി സ്റ്റെപ്വേ ആർ എക്സ് സെഡി’ന് 25,700 മുതൽ 88,600 രൂപ വരെയാണു വില കുറഞ്ഞത്.

ജി എസ് ടി നടപ്പായതോടെ ലഭിച്ച ആനുകൂല്യം പൂർണമായി ഉപയോക്താക്കൾക്കു കൈമാറാൻ കമ്പനി തീരുമാനിക്കുകയായിരുന്നെന്ന് റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അറിയിച്ചു. ഒറ്റ രാജ്യം, ഒറ്റ നികുതി സംവിധാനം എന്ന സാഹചര്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടു നടപ്പാക്കിയ ജി എസ് ടി വൻ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സാമ്പത്തിക രംഗത്തെ പരിവർത്തനത്തിനുള്ള ക്രമീകരണങ്ങൾ പൂർണതോതിൽ നടപ്പാവും വരെ ഹ്രസ്വകാലാടിസ്ഥാനത്തിൽ പോരായ്മകൾ നേരിടാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ കോർപറേറ്റ് തലത്തിൽ വൻനേട്ടമാവുന്ന പരിഷ്കാരമാണിതെന്നും സാഹ്നി വിലയിരുത്തി.

Read More: Auto News | Fasttrack | Auto Tips