Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എസ് ആറു മോഡലുകൾ 2020നു മുമ്പെന്നു ഹീറോ

Hero MotoCorp

ഔദ്യോഗികമായി നിശ്ചയിച്ച സമയപരിധിക്കു മുമ്പു തന്നെ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള മോഡലുകൾ പുറത്തിറക്കുമെന്നു ഹീറോ മോട്ടോ കോർപ്. 2020ലാണ് ഇന്ത്യ ഔദ്യോഗികമായി ബി എസ് നാല് നിലവാരത്തിലേക്കു മുന്നേറുക. എന്നാൽ ഇതിനു മുമ്പു തന്നെ ഈ നിലവാരത്തിലുള്ള വാഹനങ്ങൾ ലഭ്യമാക്കാനാണു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോയുടെ പദ്ധതി. കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച സമയപരിധി പാലിച്ചു തന്നെ ബി എസ് നാല് മോഡലുകൾ വിപണിയിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഹീറോ മോട്ടോ കോർപ് ഓർമിപ്പിച്ചു. 

ബി എസ് ആറ് മോഡലുകളുടെ നിർമാണത്തിനുള്ള തയാറെടുപ്പുകൾക്കു തുടക്കമായിക്കഴിഞ്ഞെന്നും ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എസ്കിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ അറിയിച്ചു. കേന്ദ്ര സർക്കാർ നിശ്ചയിച്ച 2020 സമയപരിധിക്കു മുമ്പുതന്നെ ഇത്തരം മോഡലുകൾ വിൽപ്പനയ്ക്കെത്തിക്കാൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 

കഴിഞ്ഞ സാമ്പത്തിക വർഷം 70 ലക്ഷത്തിലേറെ യൂണിറ്റായിരുന്നു ഹീറോ മോട്ടോ കോർപിന്റെ മൊത്തം വിൽപ്പന. ഇക്കൊല്ലം വിൽപ്പന വളർച്ച കൈവരിക്കാനായി ആറു പുതിയ മോഡലുകൾ അവതരിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. പ്രീമിയം, സ്കൂട്ടർ വിഭാഗങ്ങളിലെല്ലാം പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഹീറോ ഒരുങ്ങുന്നുണ്ടെന്ന് മുഞ്ജാൾ വെളിപ്പെടുത്തി. 

അടുത്ത രണ്ടു സാമ്പത്തിക വർഷത്തിനിടെ 2,500 കോടി രൂപയുടെ മൂലധന ചെലവാണു കമ്പനി പ്രതീക്ഷിക്കുന്നത്. പുതിയ മോഡലുകളുടെ വികസനത്തിനും ഡിജിറ്റൈസേഷൻ, ഘട്ടം ഘട്ടമായുള്ള ഉൽപ്പാദന ശേഷി വർധന എന്നിവയ്ക്കെല്ലാമുള്ള നിക്ഷേപമാണിത്. ഗുജറാത്തിലെ നിലവിലുള്ള ശാലയുടെ വികസനത്തിനും ആന്ധ്ര പ്രദേശിലെയും ബംഗ്ലദേശിലെയും നിർദിഷ്ട ശാലകൾക്കുമുള്ള നിക്ഷേപം ഇതിൽ വകയിരുത്തിയിട്ടുണ്ടെന്നും മുഞ്ജാൾ അറിയിച്ചു. കൂടാതെ നിലവിലുള്ള ശാലകളുടെ നവീകരണത്തിനും ആധുനികവൽക്കരണത്തിനുമുള്ള ചെലവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മുഞ്ജാൾ അറിയിച്ചു. ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ 36.9% വിഹിതമാണ് ഹീറോ മോട്ടോ കോർപിനുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.