Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോൾവോ ‘വി 90 ക്രോസ് കൺട്രി’ അവതരണം 12ന്

Volvo V90 Cross Country Volvo V90 Cross Country

ചൈനീസ് ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയുടെ ‘വി 90 ക്രോസ് കൺട്രി’ 12ന് ഇന്ത്യയിൽ എത്തുന്നു. ‘എസ് 90’ സെഡാന്റെ ദൃഢതയാർന്ന പതിപ്പായ ‘വി 90’ അധിക ഗ്രൗണ്ട് ക്ലിയറൻസും ഓൾ വീൽ ഡ്രൈവുമൊക്കെയായാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റേഷൻ വാഗൻ അഥവാ എസ്റ്റേറ്റ് വിഭാഗത്തോട് ഇന്ത്യ കാര്യമായ പ്രതിപത്തി കാട്ടിയിട്ടില്ലെന്നതാണു യാഥാർഥ്യം. സമാന സവിശേഷതകളും കാഴ്ചപ്പകിട്ടുമുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങൾ കൈവരിച്ച സ്വീകാര്യതയാവാം സ്റ്റേഷൻ വാഗണുകൾക്കു തിരിച്ചടി സൃഷ്ടിച്ചത്. എന്നാൽ ആഗോളതലത്തിൽതന്നെ മികവുറ്റ എസ്റ്റേറ്റ് കാർ നിർമാതാക്കളെന്ന നിലയിൽ പെരുമയാർജിച്ച വോൾവോ, ‘വി 90’ വഴി ഈ സ്ഥിതി മാറ്റാനാവും ലക്ഷ്യമിടുക.

രൂപകൽപ്പനാ മികവിനും ആഡംബരങ്ങൾക്കുമൊക്കെ പുരസ്കാരങ്ങളേറെ വാരിക്കൂട്ടിയ ചരിത്രമാണ്  ‘എസ് 90’ ആഡംബര സെഡാന്റേത്. അതേ കാഴ്ചപ്പകിട്ടും അകത്തളവും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ നിലനിർത്തിയാണ് വോൾവോ ‘വി 90’ യാഥാർഥ്യമാക്കുന്നത്.

കൂടാതെ ഇന്ത്യൻ ഉപയോക്താക്കളെ ആകർഷിക്കാൻ ‘ക്രോസ് കൺട്രി’ രൂപത്തിലാണ് വോൾവോ ‘വി 90’ അവതരിപ്പിക്കുന്നത്. നിലവിൽ വിൽപ്പനയ്ക്കുള്ള ‘വി 40 ക്രോസ് കൺട്രി’, ‘എസ് 60 ക്രോസ് കൺട്രി’ എന്നിവയെ പോലെ ആക്രമണോത്സുക ബംപറുകൾ, ബോഡി വർക്കിനു ചുറ്റും അധികമായി ബ്ലാക്ക് ക്ലാഡിങ്, മുന്നിലും പിന്നിലും ദൃഢത തോന്നിപ്പിക്കുന്ന സ്കഫ് പ്ലേറ്റ് എന്നിവയൊക്കെ കാറിലുണ്ട്. കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസ്, ഓൾ വീൽ ഡ്രൈവ് എന്നിവയ്ക്കൊപ്പം റൂഫ് റെയിലും ‘വി 90 ക്രോസ് കൺട്രി’യിലുണ്ട്. 560 ലീറ്ററാണു ബൂട്ട് സ്പേസ്; രണ്ടാം നിര സീറ്റ് മടക്കിയാൽ സംഭരണ സ്ഥലം 1,526 ലീറ്ററായി ഉയരും. 

‘എസ് 90’ സെഡാനു ഡി ഫോർ ഡീസൽ എൻജിനാണു കരുത്തേകുന്നത്; പരമാവധി 190 ബി എച്ച് പി കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. അതേസമയം, ‘വി 90 ക്രോസ് കൺട്രി’യിൽ ഇടം പിടിക്കുക ഡി ഫൈവ് എൻജിനാണ്; 235 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനാവും. എന്നാൽ ട്രാൻസ്മിഷൻ ഇരു മോഡലുകളിലും ഒന്നു തന്നെ: എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ്. ‘എസ് 90’  സെഡാനും ‘എക്സ് സി 90’ എസ് യു വിക്കുമിടയിലാവും ‘വി 90 ക്രോസ് കൺട്രി’ ഇടംപിടിക്കുക. പക്ഷേ കാറിന്റെ വില സംബന്ധിച്ചു നിലവിൽ സൂചനകളൊന്നുമില്ല.

Read More: Auto News | Auto Tips | Fasttrack