Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഡോറിൽ വ്യവസായ ശാല തുടങ്ങാൻ മഹീന്ദ്ര

mahindra-logo

മധ്യ പ്രദേശിലെ ഇൻഡോറിൽ സംയോജിത വ്യവസായ ശാല സ്ഥാപിക്കാൻ മഹീന്ദ്ര ഗ്രൂപ്പിനു പദ്ധതി. ശാലയ്ക്കുള്ള 400 ഏക്കർ ഭൂമി കണ്ടെത്താനായി കമ്പനിയും സംസ്ഥാന വ്യവസായ വകുപ്പുമായി ചർച്ചകൾ പുരോഗതിയിലാണ്. പുതിയ ശാലയ്ക്കു ഭൂമി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കമ്പനി അധികൃതർ നാലു തവണ ഈ മേഖലയിൽ സന്ദർശനവും നടത്തി. ശാലയ്ക്കായി പ്രയോജനപ്പെടുത്താവുന്ന വിവിധ കേന്ദ്രങ്ങൾ സംസ്ഥാന സർക്കാർ അധികൃതരെ കാണിച്ചു കൊടുത്തിട്ടുമുണ്ട്. 

സംസ്ഥാന വ്യവസായ വകുപ്പ് ഇൻഡോർ — അഹമ്മദബാദ് റോഡിൽ പുതുതായി വികസിപ്പിച്ച മൊഹാന ഇൻഡസ്ട്രിയൽ ബെൽറ്റിനോടാണ് മഹീന്ദ്ര ഗ്രൂപ്പിനു താൽപര്യമെന്ന് ഔഗ്യോഗിക് കേന്ദ്ര വികാസ് നിഗം(എ കെ വി എൻ) വെളിപ്പെടുത്തുന്നു. മഹീന്ദ്രയുമായി ചർച്ചകൾ പുരോഗതിയിലാണെന്നും മിക്കവാറും മൊഹാന മേഖലയിലാവും കമ്പനിയുടെ സംയോജിത വ്യവസായ ശാല സ്ഥാപികതമാവുകയെന്നും എ കെ വി എൻ മാനേജിങ് ഡയറക്ടർ കുമാർ പുരുഷോത്തം അറിയിച്ചു. പദ്ധതിയുടെ സാമ്പത്തിക വശങ്ങളെപ്പറ്റി ചർച്ച നടന്നിട്ടില്ല; മിക്കവാറും ഈ മാസം തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വകാര്യ — പൊതു പങ്കാളിത്ത(പി പി പി) മാതൃകയിലാണോ ഓഹരി പങ്കാളിത്ത വ്യവസ്ഥയിലാണോ ഈ പുതിയ സംരംഭം ആരംഭിക്കുക എന്നതിലും തീരുമാനമായിട്ടില്ല.

മഹീന്ദ്രയുടെ മൂന്നാമത് സംയോജിത ശാലയ്ക്കു വേണ്ടിയാണു മഹീന്ദ്ര സ്ഥലം തേടുന്നത്. നിലവിൽ ചെന്നൈയിലും ജയ്പൂരിലുമാണു മഹീന്ദ്രയുടെ സംയോജിത വ്യവസായശാലകൾ പ്രവർത്തിക്കുന്നത്. മൊഹാനയിൽ വികസിപ്പിച്ച വ്യവസായ മേഖലയിൽ വാഹന നിർമാതാക്കൾക്കു പുറമെ ഫാർമസി, എൻജിനീയറിങ്, പാക്കേജിങ് കമ്പനികളും താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. നിമർ ജില്ലയിലെ മൊഹാനയ്ക്കു പുറമെ ദെപൽപൂർ താലൂക്കിലെ മചൽ, ചിരഖാൻ എന്നിവിടങ്ങളിലും സംസ്ഥാന വ്യവസായ വകുപ്പ് പുതിയ വ്യവസായ ബെൽറ്റുകൾ വികസിപ്പിക്കുന്നുണ്ട്. 

Read More: Auto Tips | Auto News | Fasttrack