Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നെക്സ’യ്ക്കു സ്വന്തം സർവീസ് സെന്റർ വരുന്നു

Maruti NEXA Showroom

പ്രീമിയം വാഹന വിൽപ്പനയ്ക്കായി തുറന്ന ‘നെക്സ’ ഔട്ട്ലെറ്റുകൾക്കായി പ്രത്യേക സർവീസ് കേന്ദ്രങ്ങൾ തുറക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ഒരുങ്ങുന്നു. 2019 — 20നകം ഇത്തരത്തിലുള്ള മുന്നൂറോളം സർവീസ് സെന്ററുകൾ പ്രവർത്തനസജ്ജമാക്കാനാണു മാരുതി സുസുക്കിയുടെ പദ്ധതി. കൂടാതെ ‘നെക്സ’ അനുഭവങ്ങളുടെ വെളിച്ചത്തിൽ യുവാക്കളായ ഉപയോക്താക്കളെ കൂടി ആകർഷിക്കാൻ കഴിയുന്ന നിലയിലേക്ക് പരമ്പരാഗത വിൽപ്പനശാലകൾ പരിഷ്കരിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. 

എല്ലാ വിപണന ചാനലുകളിലും പുതിയ കോർപറേറ്റ് ബ്രാൻഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഉപയോഗിച്ച കാറുകളുടെ വിൽപ്പനയ്ക്കുള്ള ‘ട്രൂ വാല്യൂ’ ശൃംഖലയിലും മാരുതി സുസുക്കി പരിഷ്കാരങ്ങൾ നടപ്പാക്കുന്നുണ്ട്. അടുത്ത മാർച്ചോടെ യൂസ്ഡ് കാർ വിൽപ്പനയ്ക്കുള്ള 150 പുതിയ ഔട്ട്ലെറ്റുകൾ തുറക്കാനാണു കമ്പനിയുടെ നീക്കം. ഉപഭോക്താക്കളുടെ സംതൃപ്തി ഉയർത്താനുള്ള വഴികൾ കമ്പനി സ്ഥിരമായി തേടുന്നുണ്ടെന്നു മാരുതി സസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ വിശദീകരിച്ചു. ‘നെക്സ’യ്ക്കായി പുത്തൻ സർവീസ് ഔട്ട്ലെറ്റ് എന്ന ആശയം നടപ്പാക്കാൻ കഴിഞ്ഞ വർഷമാണു നടപടി തുടങ്ങിയതെന്ന് അയുകാവ വെളിപ്പെടുത്തി. 

പുത്തൻ ആശയമായ ‘നെക്സ’ ഷോറൂം ശൃംഖല 2015ൽ തുറന്നതു മുതൽ ഉപയോക്താക്കളിൽ നിന്നു മികച്ച വരവേൽപ്പാണു ലഭിച്ചത്. വാഹനങ്ങൾ സർവീസ് ചെയ്യാൻ എത്തുന്നവർക്കും സമാന അനുഭവം ലഭ്യമാക്കാനാണു കമ്പനി ഇപ്പോൾ ശ്രമിക്കുന്നതെന്ന് അയുകാവ അറിയിച്ചു. നിലവിൽ ‘നെക്സ’ വഴി വിൽക്കുന്ന വാഹനങ്ങളുടെ സർവീസിങ് സാധാരണ ഡീലർഷിപ്പുകളിൽ തന്നെയാണ് മാരുതി സുസുക്കി കൈകാര്യം ചെയ്യുന്നത്.

അതേസമയം പുതിയ സർവീസ് ഔട്ട്ലെറ്റുകൾ തുറക്കുക എളുപ്പമല്ലെന്ന് അയുകാവയും അംഗീകരിക്കുന്നു. എങ്കിലും ‘നെക്സ’ ഷോറൂമുകൾക്കു തുല്യമായി പുത്തൻ സർവീസ് ഔട്ട്ലെറ്റുകളും ആരംഭിക്കാനാണു കമ്പനി ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ചിനുള്ളിൽ 60 — 70 പുതുതലമുറ സർവീസ് സെന്ററുകൾ ആരംഭിക്കാനാണു മാരുതിയുടെ പദ്ധതി. 2019 — 20 ആകുമ്പോഴേക്ക് ഇവയുടെ എണ്ണം 300 ആയി ഉയർത്തും. നിലവിൽ 250 ‘നെക്സ’ ഷോറൂമുകളാണ് മാരുതി സുസുക്കിക്കുള്ളത്; 2020ൽ ‘നെക്സ’യുടെ എണ്ണം 400 ആയി ഉയരുമെന്നും കമ്പനി കണക്കുകൂട്ടുന്നു. 

Read More: Auto News | Auto Tips | Fasttrack