Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസ്സാൻ ഇന്ത്യയെ നയിക്കാൻ സ്കോഡ മുൻ മേധാവി

JAPAN-COMPANY-STOCKS-NISSAN-FILES

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാന്റെ ഉപസ്ഥാപനമായ നിസ്സാൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രസിഡന്റായി തോമസ് കുഹെൽ നിയമിതനായി. നിസ്സാനു പുറമെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെയും ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ നേതൃത്വം കുഹെലിനാവും. വിൽപ്പന, വിപണനം, നിർമാണം, ഗവേഷണ — വികസനം തുടങ്ങി ഇന്ത്യയിൽ കമ്പനിയുടെ മുഴുവൻ പ്രവർത്തനങ്ങളും കുഹെലിന്റെ മേൽനോട്ടത്തിലാവും. ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയുടെ മേധാവിയായിരുന്ന കുഹെൽ ഒക്ടോബർ ഒന്നിനാണു പുതിയ ചുമതല ഏൽക്കുക. 

സഖ്യ പങ്കാളിയായ റെനോയിൽ ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് (സെയിൽ ആൻഡ് മാർക്കറ്റിങ്), ദക്ഷിണ ഏഷ്യ മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്കു മാറിയ ഗിലോം സികാർഡിന്റെ പകരക്കാരനായാണു കുഹെലിന്റെ വരവ്. നിസ്സാൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ റീജിയൻ ചെയർമാൻ പേമാൻ കർഗാറിനു കീഴിൽ ഹരിയാനയിലെ ഗുരുഗ്രാമിലെ നിസ്സാൻ ഇന്ത്യ മോട്ടോഴ്സ് ആസ്ഥാനം കേന്ദ്രീകരിച്ചാവും അദ്ദേഹത്തിന്റെ പ്രവർത്തനം.

നിസ്സാന്റെ ഭാവി വളർച്ചയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ പ്രവർത്തനത്തിനു പ്രാധാന്യമേറുകയാണെന്നു പേമാൻ കർഗാർ അഭിപ്രായപ്പെട്ടു. ആഗോള വാഹന വ്യവസായ മേഖലയിലെ വിപുലവും ആഴത്തിലുള്ളതുമായ പരിചയസമ്പത്തിലൂടെ നിസ്സാൻ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്കു  ഫലപ്രദമായ നേതൃത്വം നൽകാൻ കുഹെലിനു കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയിലെ ഉപയോക്താക്കളുടെയും ഡീലർമാരുടെയും ജീവനക്കാരുടെയും സംതൃപ്തി ഉറപ്പാക്കുന്നതിനൊപ്പം മികച്ച ഉൽപന്നങ്ങൾ അവതരിപ്പിക്കാനും അദ്ദേഹത്തിനു സാധിക്കുമെന്ന് കർഗാർ പ്രത്യാശിച്ചു.  

വിവിധ രാജ്യങ്ങളിലായി വാഹന വ്യവസായത്തിൽ 22 വർഷത്തെ പ്രവർത്തന പാരമ്പര്യമാണു കുഹെലിനുള്ളത്; ഈ രംഗത്തു വ്യത്യസ്ത മേഖലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് മേധാവിയെന്ന നിലിയലും ഫോക്സ്വാഗൻ ഗ്രൂപ് ഇന്ത്യ കോർപറേറ്റ് സ്ടാറ്റജി എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിലുമാണു കുഹെലിന്റെ ഇന്ത്യയിലെ പ്രവർത്തന പരിചയം. 

നിസ്സാനൊപ്പം ഇന്ത്യയിൽ തിരിച്ചെത്താൻ കഴിയുന്നതിൽ ആഹ്ലാദമുണ്ടെന്നായിരുന്നു പുതിയ ചുമതലയെപ്പറ്റി കുഹെലിന്റെ പ്രതികരണം. ഇന്ത്യൻ വിപണിയുടെ ചലനാത്മകതയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും നേരിട്ടുള്ള പരിചയം തനിക്കുണ്ട്. ആഗോളതലത്തിലെ വാഹന വിപണികളിൽ മൂന്നാം സ്ഥാനത്തേക്കു മുന്നേറാൻ ഇന്ത്യയ്ക്കു കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Read More: Auto Tips | Auto News | Fasttrack