Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി എസ് ടി: ഹൈബ്രിഡ് നയം മാറ്റില്ലെന്നു ടൊയോട്ട

Toyota Prius Toyota Prius

ചരക്ക്, സേവന നികുതി(ജി എസ് ടി) പ്രാബല്യത്തിലെത്തിയതോടെ വില ഉയർന്നെങ്കിലും ഇന്ത്യയിൽ സങ്കര ഇന്ധന വാഹന വിൽപ്പനയ്ക്കായി തയാറാക്കിയ പദ്ധതി മാറ്റില്ലെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). ജി എസ് ടി നടപ്പായതോടെ ഹൈബ്രിഡ് സെഡാനായ ‘കാംറി’യുടെ വിലയിൽ രണ്ടു ലക്ഷത്തോളം രൂപയുടെ വർധനയാണു നിലവിൽ വന്നത്. ബെംഗളൂരുവിനടുത്ത് ബിദഡിയിലുള്ള ശാലയിൽ നിർമിക്കുന്ന കാറിന്റെ വില 33 ലക്ഷം രൂപയിൽ നിന്നു 35 ലക്ഷം രൂപയായാണ് ഉയർന്നത്. 

സങ്കര ഇന്ധന വാഹനങ്ങളെ ആഡംബര കാറുകൾക്കൊപ്പമാണു ജി എസ് ടി പരിഗണിക്കുന്നത്; ഇതോടെ ഇത്തരം വാഹനങ്ങൾക്ക് 28% ജി എസ് ടിയും 15% സെസും ബാധകമാവും. ഹൈബ്രിഡ് വാഹനങ്ങൾക്ക് നേരത്തെ  30.3% ആയിരുന്ന നികുതി ജി എസ് ടിയുടെ വരവോടെ 43% ആയി ഉയർന്നതാണു വിലവർധനയ്ക്കു വഴിവച്ചത്.

എന്നാൽ ജി എസ് ടി നടപ്പായതിന്റെ പേരിൽ സങ്കര ഇന്ധനങ്ങളുടെ കാര്യത്തിലെ നയം മാറ്റില്ലെന്നു ടി കെ എം സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടറുമായ എൻ രാജ വ്യക്തമാക്കി. പരിസ്ഥിതിക്ക് ഗുണകരമായ സാങ്കേതികവിദ്യയെന്ന നിലയിൽ സങ്കര ഇന്ധന വാഹനങ്ങളോടുള്ള പ്രതിബദ്ധത കമ്പനി തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. ജി എസ് ടിയുടെ ഫലമായി ഉയർന്ന നികുതി ബാധകമായത് സങ്കര ഇന്ധന വാഹനങ്ങൾക്കു തിരിച്ചടിയാണ്. എന്നാൽ പ്രതികൂല സാഹചര്യത്തിലും ഇത്തരം വാഹനങ്ങൾക്ക് ആവശ്യക്കാരെ കണ്ടെത്താനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സാധാരണഗതിയിൽ  ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങാൻ എത്തുന്നതു വൻകിട വാണിജ്യ സ്ഥാപന ഉടമകളാണ്. ജി എസ് ടി നടപ്പായതോടെ അവർ സ്വന്തം വാണിജ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്ന തിരക്കിൽപെട്ടു. ജി എസ് ടിയുടെ കാര്യത്തിലെ അവ്യക്തതകളും അനിശ്ചിതത്വവും അകലുന്നതോടെ ഹൈബ്രിഡ് വാഹന വ്യാപാരം സാധാരന നില വീണ്ടെടുക്കുമെന്ന് രാജ കരുതുന്നു.

അഥിനിടെ കാർ ഉടമകൾക്ക് വിൽപ്പനാന്തര സേവനം, റോഡ് സൈഡ് അസിസ്റ്റൻസ്, നാവിഗേഷൻ തുടങ്ങിയവയിൽ സഹായം ഉറപ്പാക്കാൻ ടി കെ എം പുതിയ സ്മാർട്ഫോൺ ആപ്ലിക്കേഷനായ ‘ടൊയോട്ട കണക്ട് ഇന്ത്യ’ പുറത്തിറക്കി. ആൻഡ്രോയ്ഡിലും ഐ ഒ എസിലും പ്രവർത്തിക്കുന്ന ആപ്പിന്റെ സേവനം ആദ്യ വർഷം സൗജന്യമായിരിക്കുമെന്നും ടി കെ എം വാഗ്ദാനം ചെയ്യുന്നു. ആപ്ലിക്കേഷനോടുള്ള പ്രതികരണം വിലയിരുത്തിയശേഷമാവും ഭാവിയിൽ ഈ സേവനത്തിനു പണം ഈടാക്കണോ എന്നു കമ്പനി തീരുമാനിക്കുകയെന്നും രാജ അറിയിച്ചു. 

Read More: Auto News | Auto Tips | Fasttrack