Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്നു സൗരോർജ ‘ഡെമു’

Solar Train Solar Train

സൗരോർജത്തിൽ ഓടുന്ന ആദ്യ ലോക്കൽ ട്രെയിൻ ഇന്ത്യൻ റയിൽവേ അവതരിപ്പിച്ചു. സൂര്യ പ്രകാശത്തിന്റെ അഭാവത്തിൽ വേണ്ടത്ര ഊർജം ലഭ്യമാക്കാൻ ബാറ്ററി പായ്ക്കും ട്രെയിനിൽ സജ്ജമാക്കിയിട്ടുണ്ട്. ഡീസൽ ഇലക്ട്രിക്കൽ മൾട്ടിപ്ൾ യൂണിറ്റി(ഡെമു)ന്റെ ഓട്ടത്തിനു പുറമെ കോച്ചുകളിലെ ലൈറ്റും ഫാനും ഇൻഫർമേഷൻ ഡിസ്പ്ലേയുമടക്കമുള്ള സംവിധാനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ഊർജവും ട്രെയിനിനു മുകളിൽ ഘടിപ്പിച്ച സൗരോർജ പാനലുകളിൽ നിന്നു തന്നെയാണു ലഭിക്കുക. എൻജിനും കോച്ചുകളും ഒറ്റ യൂണിറ്റായി നിർമിച്ചിട്ടുള്ള സാധാരണ ‘ഡെമു’വിൽ ലൈറ്റുകളുടെയും ഫാനുകളുടെയും പ്രവർത്തനത്തിനുള്ള ഊർജം ഡീസൽ ജനറേറ്ററിൽ നിന്നാണു കണ്ടെത്തുന്നത്. 

ട്രെയിനുകളെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ശ്രമങ്ങളിലെ വിപ്ലവകരമായ മുന്നേറ്റമാണു സൗരോർജത്തിൽ ഓടുന്ന ട്രെയിൻ എന്നായിരുന്നു കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റെ പ്രതികരണം. ശുദ്ധമായ ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ റയിൽവേ പ്രതിജ്ഞാബദ്ധമാണെന്നും ഡൽഹിയിലെ സഫ്ദർജങ് റയിൽവേ സ്റ്റേഷനിൽ സൗരോർജ ട്രെയിൻ പുറത്തിറക്കിയ പ്രഭു അഭിപ്രായപ്പെട്ടു. പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ പരമാവധി പ്രയോജനപ്പെടുത്താനും റയിൽവേയ്ക്കു പദ്ധതിയുണ്ട്. സി എൻ ജിയിലും എൽ എൻ ജിയിലും ഓടുന്ന ട്രെയിനുകൾക്കു പുറമെ കാറ്റിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കാനും ശ്രമമുണ്ട്. 

പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി ട്രെയിനുകളിൽ ബയോ ടോയ്ലറ്റുകൾ ഏർപ്പെടുത്താനും ജലത്തിന്റെ പുനഃരുപയോഗം സാധ്യമാക്കാനുമൊക്കെ റയിൽവേ നടപടി സ്വീകരിച്ചിട്ടുണ്ട്. സൗരോർജത്തിൽ ഓടുന്ന ‘ഡെമു’ ഉത്തര റയിൽവേയിലെ ഡൽഹി ഡിവിഷനിൽ വൈകാതെ പതിവു സർവീസിനെത്തുമെന്നാണു സൂചന. ഏതു റൂട്ടിൽ ഈ ട്രെയിൻ ഓടിക്കണമെന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല. 

ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ സി എഫ്)യിൽ നിർമിച്ച ‘ഡെമു’വിനു കരുത്തേകുന്നത് 1,600 ബി എച്ച് പി മോട്ടോർ ആണ്. ഇവയ്ക്ക് ഊർജം കണ്ടെത്താനുള്ള സൗരോർജ പാളികളും മറ്റ് അനുബന്ധ സംവിധാനങ്ങളും തയാറാക്കിയത് ഇന്ത്യൻ റയിൽവേസ് ഓർഗനൈസേഷൻ ഓഫ് ഓൾട്ടർനേറ്റ് ഫ്യുവൽ(ഐ ആർ ഒ എ എഫ്) ആണ്. അടുത്ത ആറു മാസത്തിനകം 24 കോച്ചുകളിൽ കൂടി സൗരോർജ സംവിധാനം ഏർപ്പെടുത്താനും റയിൽവേ ലക്ഷ്യമിടുന്നുണ്ട്.  ആറു ട്രെയ്ലർ കാറുകളുള്ള ‘ഡെമു’വിന്റെ ഓട്ടം സൗരോർജത്തിലേക്കു മാറുന്നതോടെ 21,000 ലീറ്റർ ഡീസലിന്റെ ലാഭമാണു റയിൽവേ പ്രതീക്ഷിക്കുന്നത്. ഇതു വഴി പ്രതിവർഷം 12 ലക്ഷം രൂപയുടെ ലാഭം നേടാനാവുമെന്നും റയിൽവേ കണക്കുകൂട്ടുന്നു.