Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ ഫുട്ബോൾ ടീം സ്പോൺസറായി ഫോക്സ്‌വാഗൻ

german-national-footbal-team Representative Image, German Football team

ജർമനിയുടെ ഫുട്ബോൾ ടീമിന്റെ പ്രായോജകരായി ഫോക്സ്‌വാഗൻ രംഗത്തെത്തുന്നു. ദേശീയ ടീമിന്റെ ഏറ്റവും വലിയ സ്പോൺസർ എന്ന നിലയിലാവും ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗന്റെ രംഗപ്രവേശം. നാലര പതിറ്റാണ്ടായി ദേശീയ ടീമിന്റെ സ്പോൺസർമാരും ജർമൻ ആഡംബര കാർ നിർമാതാക്കളുമായ മെഴ്സീഡിസ് ബെൻസിന്റെ പകരക്കാരായാണു ഫോക്സ്‌വാഗൻ എത്തുന്നത്. 

ആഗോളതലത്തിൽ തന്നെ കാർ വിൽപ്പനയിൽ ഒന്നാം സ്ഥാനത്തുള്ള ഫോക്സ്‌വാഗൻ അടുത്ത അഞ്ചര വർഷക്കാലത്തേക്കാണു ജർമൻ ഫുട്ബോൾ ടീമിന്റെ സ്പോൺസർ സ്ഥാനം ഏറ്റെടുക്കുന്നത്. ഡി എഫ് ബി നാഷനൽ സോക്കർ അസോസിയേഷനുമായുള്ള കരാർ 2019ലാണു പ്രാബല്യത്തിലെത്തുകയെന്നും ഫോക്സ്വാഗൻ അറിയിച്ചു. നിലവിൽ ലോകകപ്പ് ജേതാക്കളായ ജർമനി കിരീടം നിലനിർത്താൻ ലക്ഷ്യമിട്ടാവും അടുത്ത വർഷം റഷ്യയിൽ നടക്കുന്ന മത്സരങ്ങളിൽ കളത്തിലിറങ്ങുക.

സ്പോൺസർമാരെന്ന നിലയിൽ പ്രതിവർഷം 2.5 മുതൽ മൂന്നു കോടി യൂറോ(ഏകദേശം 184.28 — 221.13 കോടി രൂപ)യാവും ഫോക്സ്വാഗൻ ജർമൻ ടീമിനു നൽകുക. ഇതിൽ 60 ലക്ഷം യൂറോ(ഏകദേശം 44.23 കോടി രൂപ) ഡി എഫ് ബി ജർമൻ കപ് മത്സരങ്ങളുടെ സ്പോൺസർഷിപ് ഫീസ് ആണ്.

യു എസിലെ മലിനീകരണ നിയന്ത്രണ പരീക്ഷ ജയിക്കാൻ കൃത്രിമം കാട്ടി ‘ഡീസൽഗേറ്റി’ൽ കുടുങ്ങിയ ഫോക്സ്‌വാഗൻ, പ്രതിച്ഛായ വീണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായാണു ലോകത്തിലെ ഏറ്റവും ജനപ്രിയ ഇനമായ സോക്കറിൽ ജർമൻ ദേശീയ ടീമിന്റെ പങ്കാളിയാവാൻ തീരുമാനിച്ചത്. പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനൊപ്പം മലിനീകരണ വിമുക്തമായ വൈദ്യുത കാറുകളുടെ വികസനത്തിനു പരിഗണന നൽകുമെന്നും ഫോക്സ്‌വാഗൻ പ്രഖ്യാപിച്ചിട്ടുണ്ട്. 

വരുംവർഷങ്ങളിൽ വമ്പൻ ലക്ഷ്യങ്ങൾ കൈവരിക്കാനാണു കമ്പനി തയാറെടുക്കുന്നതെന്നു ഫോക്സ്‌വാഗൻ ബ്രാൻഡ് ചീഫ് എക്സിക്യൂട്ടീവ് ഹെർബർട്ട് ഡയസ് പ്രഖ്യാപിച്ചിരുന്നു. വൻ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ ഫോക്സ്‌വാഗൻ വലിയ മാറ്റങ്ങൾക്കു തയാറെടുക്കുകയാണ്.  ഡി എഫ് ബിയുമായുള്ള സഹകരണം ഈ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

ജർമൻ ആഭ്യന്തര ലീഗായ ബുന്ദസ്‌ലീഗയിൽ സ്വന്തം ടീമിനെ മത്സരിപ്പിക്കാൻ വുൾഫ്സ്ബർഗ് ആസ്ഥാനമായ ഫോക്സ്‌വാഗൻ വൻതുക ചെലവഴിക്കുന്നുണ്ട്. അതേസമയം രാജ്യാന്തരതലത്തിൽ ആരാധകരോ സ്വന്തം വരുമാനമാർഗമോ ഇല്ലാത്ത വി എഫ് എൽ വുൾസ്ബർഗിനായി കമ്പനി നടത്തുന്ന മുതൽമുടക്കിനെ വിദഗ്ധർ ഏറെക്കാലമായി ചോദ്യം ചെയ്യുന്നുമുണ്ട്.