Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസിൽ 100 കോടി ഡോളർ നിക്ഷേപിക്കാൻ മഹീന്ദ്ര

mahindra-logo

വിവിധ വ്യവസായ മേഖലകളിലായി അടുത്ത അഞ്ചു വർഷത്തിനിടെ യു എസിൽ 100 കോടി ഡോളർ(ഏകദേശം 6,437.25 കോടി രൂപ) നിക്ഷേപിക്കാൻ മഹീന്ദ്ര ഗ്രൂപ് ഒരുങ്ങുന്നു. യു എസിൽ നിന്നുള്ള വിറ്റുവരവ് ഇരട്ടിയായി വർധിപ്പിച്ച് 500 കോടി ഡോളർ( 32,186.25 കോടിയോളം രൂപ) ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. നിലവിൽ മൂവായിരത്തോളം ജീവനക്കാരാണു മുംബൈ ആസ്ഥാനമായ മഹീന്ദ്രയ്ക്കു യു എസിലുള്ളത്. വികസന പരിപാടികളുടെ ഫലമായി അഞ്ചു വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണവും ഇരട്ടിയാക്കാൻ മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. 

യു എസിലെ വിവിധ മേഖലകളിലായി ഇതുവരെ 100 കോടിയോളം ഡോളർ ആണു മഹീന്ദ്ര നിക്ഷേപിച്ചതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ യോഗങ്ക അറിയിച്ചു. വരുന്ന അഞ്ചു വർഷത്തനിടെ ഇത്രയും തുക കൂടി നിക്ഷേപിക്കാനാണു കമ്പനി ഒരുങ്ങുന്നത്. എന്നാൽ യു എസിലെ യഥാർഥ നിക്ഷേപം നിലവിൽ വികസന ഘട്ടത്തിലുള്ള പദ്ധതികളെയും വിപണി സാഹചര്യങ്ങളെയുമൊക്കെ ആശ്രയിച്ചാവുമെന്നും അദ്ദേഹം വ്യക്തമാക്കി. യു എസ് പോസ്റ്റൽ സർവീസിൽ നിന്നുള്ള കരാറിനായി മഹീന്ദ്ര ശ്രമിക്കുന്നുണ്ടെന്നു ഗോയങ്ക അറിയിച്ചു. ഈ കരാർ ലഭിച്ചാൽ വൻതോതിലുള്ള വളർച്ച കൈവരിക്കാൻ മഹീന്ദ്രയ്ക്കു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴു മേഖലകളിലാണു നിലവിൽ യു എസിൽ മഹീന്ദ്രയ്ക്കു സാന്നിധ്യമുള്ളത്; ഇവയിൽ നിന്ന് 250 കോടിയോളം ഡോളർ(ഏകദേശം 16,093.13 കോടി രൂപ) വിറ്റുവരവാണു കമ്പനി നേടുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വിറ്റുവരവ് ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നു ഗോയങ്ക അറിയിച്ചു. ഐ ടി മേഖലയിലെ ടെക് മഹീന്ദ്ര, ട്രാക്ടറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വിൽപ്പനയ്ക്കുള്ള മഹീന്ദ്ര യു എസ് എ തുടങ്ങിയവയാണു മഹീന്ദ്രയുടെ യു എസ് സംരംഭങ്ങളിൽ പ്രധാനം.

Read More: Auto News | Auto Tips | Fasttrack