Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി എസ് ടി: ബസ്, ട്രക്ക് വില കുറച്ച് ഐഷറും

eicher

ചരക്ക്, സേവന നികുതി(ജി എസ് ടി) വഴി ലഭിച്ച ആനുകൂല്യം വിലക്കിഴിവായി വാഹന ഉടമകൾക്കു കൈമാറാൻ ഐഷർ ട്രക്സ് ആൻഡ് ബസസ് തീരുമാനിച്ചു. ജി എസ് ടി നടപ്പായ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള എല്ലാ മോഡലുകളുടെയും വില കുറയുമെന്ന് ഐഷർ ട്രക്സ് ആൻഡ് ബസസ് അറിയിച്ചു. വിവിധ ട്രക്ക്, ബസ് മോഡലുകളുടെ വിലയിൽ ഒന്നര മുതൽ അഞ്ചു ശതമാനം വരെ ഇളവാണ് ഐഷർ അനുവദിച്ചത്. ജി എസ് ടിക്കു മുമ്പ് നിലനിന്ന നികുതി നിരക്ക് അനുസരിച്ചും സംസ്ഥാനാടിസ്ഥാനത്തിലുമാണ് വാഹന വിലയിലെ ഇളവുകൾ ലഭ്യമാവുക.

രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ജി എസ് ടി എന്നായിരുന്നു വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വിനോദ് അഗർവാളിന്റെ പ്രതികരണം. ജി എസ് ടിയുടെ വരവോടെ കാര്യക്ഷമതയിലും ഉൽപ്പാദനക്ഷമതയിലും നേട്ടമുണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നികുതി നിരക്കുകളിൽ കൈവന്ന ഇളവാണ് ജി എസ് ടി വഴി ലഭിച്ച ആദ്യ നേട്ടം; വാണിജ്യ വാഹന നികുതി നിരക്ക് നിർണയം വഴി ലഭിച്ച ഇളവ് പൂർണമായും വാഹന ഉടമകൾക്ക് വിലക്കിഴിവായി കൈമാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മോഡലുകളുടെ വിലയിൽ ഒന്നര മുതൽ അഞ്ചു ശതമാനം വരെ വിലക്കിഴിവാണു പ്രാബല്യത്തിലെത്തിയതെന്നും അദ്ദേഹം അറിയിച്ചു.

വാണിജ്യ വാഹന വിപണിയിലെ ലൈറ്റ്, മീഡിയം ഡ്യൂട്ടി വിഭാഗങ്ങളിലാണ് ഐഷർ ട്രക്സ് ആൻഡ് ബസസിനു സാന്നിധ്യമുള്ളത്. നാലു മുതൽ 15 ടൺ വരെ ഭാരവാഹിക ശേഷഇയുള്ള വിഭാഗത്തിലും 16 — 49 ടൺ ഭാരവാഹക ശേഷിയുള്ള വിഭാഗത്തിലുമാണു കമ്പനിക്കു സജീവസാന്നിധ്യം. കമ്പനിയുടെ പുതുതലമുറ മോഡലായ ‘ഐഷർ പ്രോ’ ശ്രേണിയും അടുത്തയിടെയാണ് വിൽപ്പനയ്ക്കെത്തിയത്. 

Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes