Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട ‘മൊബിലിയൊ’ വിടവാങ്ങി; നിശ്ശബ്ദമായി

Honda Mobilio Honda Mobilio

ഔദ്യോഗിക പ്രഖ്യാപനമൊന്നുമില്ലാതെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മൊബിലിയൊ’യെ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) പിൻവലിച്ചെന്നു സൂചന. കമ്പനി വെബ്സൈറ്റിലെ മോഡൽ പട്ടികയിൽ നിന്ന് ഹോണ്ട ‘മൊബലിയൊ’യെ ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, ജി എസ് ടി നിലവിൽ വന്ന ശേഷം കമ്പനി പ്രഖ്യാപിച്ച ഔദ്യോഗിക വിലവിവരപ്പട്ടികയിലും ‘മൊബിലിയൊ’ ഉൾപ്പെടുന്നില്ല.

വിപണന സാധ്യതയേറിയ എം പി വി വിഭാഗത്തിൽ 2014 ജൂലൈയിലാണു ഹോണ്ട ‘മൊബിലിയൊ’ അവതിപ്പിച്ചത്; എന്നാൽ മൂന്നു വർഷത്തിനകം ‘മൊബിലിയൊ’ നിശ്ശബ്ദമായി വിട ചൊല്ലുകയാണ്. ഹാച്ച്ബാക്കായ ‘ബ്രിയൊ’പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിച്ച ‘മൊബിലിയൊ’യുടെ വില നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളാണ് മാരുതി സുസുക്കി ‘എർട്ടിഗ’യുമായുള്ള മത്സരത്തിൽ ഈ എം പി വിക്കു പ്രതിച്ഛായ നഷ്ടമാക്കിയതെന്നാണു വിലയിരുത്തൽ. അരങ്ങേറ്റം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടതോടെ ‘മൊബിലിയൊ’ വിൽപ്പന കുത്തനെ ഇടിഞ്ഞു തുടങ്ങി. 

ഇതോടെ കഴിഞ്ഞ വർഷം ഏഴു സീറ്റുള്ള ക്രോസോവറായ ‘ബി ആർ — വി’യും ഹോണ്ട വിൽപ്പനയ്ക്കെത്തിച്ചു. ഒരേ പ്ലാറ്റ്ഫോമിലാണു നിർമാണമെങ്കിലും കാഴ്ചപ്പകിട്ടും നവീകരിച്ച അകത്തളവും സമാനമായ വിലയുമൊക്കെയായി ‘മൊബിലിയൊ’യെ അപേക്ഷിച്ചു മെച്ചപ്പെട്ട പാക്കേജാണു ‘ബി ആർ — വി’ വാഗ്ദാനം ചെയ്തത്.  ഇതോടെ നില കൂടുതൽ പരുങ്ങലിലായ ‘മൊബിലിയൊ’യുടെ ഉൽപ്പാദനം തന്നെ കഴിഞ്ഞ ഫെബ്രുവരിയോടെ ഹോണ്ട നിർത്തിയിരുന്നു.  അതിനിടെ ഇന്തൊനീഷയിൽ ഹോണ്ട പരിഷ്കരിച്ച ‘മൊബിലിയൊ’ വിൽപ്പനയ്ക്കെത്തിച്ചിരുന്നു. എന്നാൽ ഈ മോഡൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമോ എന്ന് ഇതുവരെ വ്യക്തമല്ല. 

Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes