Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എയ്സി’ൽ ‘എക്സ് എൽ’ ശ്രേണിയുമായി ടാറ്റ

Tata Ace XL Series Tata Ace XL Series

‘എയ്സ്’ ബ്രാൻഡിലെ ചെറു വാണിജ്യ വാഹന(എസ് സി വി) ശ്രേണി വിപുലീകരിക്കുമെന്നു ടാറ്റ മോട്ടോഴ്സ്. ‘എയ്സ്’ ബ്രാൻഡിൽ പുതിയ മൂന്നു മോഡലുകൾ അവതരിപ്പിക്കാനാണു കമ്പനി തയാറെടുക്കുന്നത്; മുംബൈ ഷോറൂമിൽ 3.08 ലക്ഷം മുതൽ 4.78 ലക്ഷം രൂപ വരെയാവും ഇവയ്ക്കു വില. ‘എയ്സ് മെഗാ’, ‘എയ്സ് സിപ്’, ‘എയ്സ്’ എന്നിവയ്ക്ക് ‘എക്സ് എൽ’ പതിപ്പാണു ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്നത്; സാധാരണ മോഡലുകളെ അപേക്ഷിച്ച് ലോഡിങ് ഡെക്കിന് 15% നീളമേറുമെന്നതാണ് ‘എക്സ് എൽ’ പതിപ്പിന്റെ സവിശേഷത. 

‘എയ്സ് എക്സ് എല്ലി’ന് 710 കിലോഗ്രാം ഭാരം വഹിക്കാനാവും; 4.23 ലക്ഷം രൂപയാണു മുംബൈ ഷോറൂമിൽ വില. ഒരു ടൺ ചരക്കു നീക്കാവുന്ന ‘എയ്സ് മെഗാ എക്സ് എല്ലി’ന് 4.78 ലക്ഷം രൂപയും 600 കിലോഗ്രാം ഭാരവാഹക ശേഷിയുള്ള ‘എയ്സ് സിപ് എക്സ് എല്ലി’ന് 3.08 ലക്ഷം രൂപയുമാണ് മുംബൈയിലെ വില. 

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പുലർത്തുന്ന പുതിയ ‘എക്സ് എൽ’ ശ്രേണിയിലൂടെ അവസാന മൈൽ ഡെലിവറിക്കുള്ള പുതിയ സാധ്യതകളാണു കമ്പനി ലഭ്യമാക്കുന്നതെന്നു ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന വിൽപ്പന, വിപണന വിഭാഗം മേധാവി ആർ ടി വാസൻ അഭിപ്രായപ്പെട്ടു. സുരക്ഷിതവും ആദായകരവും വിശ്വസനീയവുമായ ചരക്കു നീക്കത്തിനുള്ള പുതിയ അവസരമാണ് ഈ പുതു ശ്രേണി ലഭ്യമാക്കുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. ചരക്ക്, സേവന നികുതി (ജി എസ് ടി) നടപ്പായതോടെ ചരക്ക് നീക്കത്തിൽ ഹബ് — സ്പോക്ക് രീതിക്കു പ്രാധാന്യമേറിയെന്നും അദ്ദേഹം വിലയിരുത്തി.പുതിയ മോഡലുകൾ രാജ്യവ്യാപകമായി തന്നെ വിൽപ്പനയ്ക്കെത്തുന്നുണ്ട്. 2005ൽ വിപണിയിലെത്തിയതു മുതൽ 20 ലക്ഷത്തോളം ‘എയ്സ്’ വാഹനങ്ങൾ വിറ്റിട്ടുണ്ടെന്നാണു ടാറ്റ മോട്ടോഴ്സിന്റെ കണക്ക്. 

Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes