Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജാജ് ബൈക്കുകൾ തായ്‌ലൻഡിലേക്കും

bajaj-logo

വരുന്ന രണ്ടോ മൂന്നോ മാസത്തിനകം തായ്‌ലൻഡിലേക്ക് ഇരുചക്ര, ത്രിചക്രവാഹന കയറ്റുമതി ആരംഭിക്കാൻ ബജാജ് ഓട്ടോ ലിമിറ്റഡ് തയാറെടുക്കുന്നു. ദക്ഷിണ ഏഷ്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണു ബജാജ് ഓട്ടോ തായ്‌ലൻഡിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നത്. നിലവിൽ ഈ മേഖലയിലെ ഫിലിപ്പൈൻസ്, സിംഗപ്പൂർ, മ്യാൻമാർ വിപണികളിലാണു പുണെ ആസ്ഥാനമായ ബജാജ് ഓട്ടോയുടെ വാഹനങ്ങൾ വിൽപ്പനയ്ക്കുള്ളത്. ഇതിനു പുറമെ ഓസ്ട്രിയൻ ബ്രാൻഡായ കെ ടി എം ശ്രേണിയിലെ ബൈക്കുകൾ കമ്പനി മലേഷ്യയിലേക്കും കയറ്റുമതി തുടങ്ങിയിട്ടുണ്ട്.

ഇരുചക്രവാഹനങ്ങളെ സംബന്ധിച്ചിടത്തോളം ദക്ഷിണ പൂർവ ഏഷ്യയെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ്(ബിസിനസ് ഡവലപ്മെന്റ് ആൻഡ് അഷ്വറൻസ്) എസ് രവികുമാർ ഓർമിപ്പിക്കുന്നു. മലേഷ്യയിൽ നിന്നു മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിൽ തായ്ലൻഡിലേക്കും കയറ്റുമതി ആരംഭിക്കാനാണു കമ്പനി ഒരുങ്ങുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ബൈക്കുകൾക്കു പുറമെ തായ്‌ലൻഡിൽ ത്രിചക്ര വാഹനങ്ങളും വിൽപ്പനയ്ക്കെത്തിക്കാൻ കമ്പനിക്കു പരിപാടിയുണ്ട്.

ആഫ്രിക്കയിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും കയറ്റുമതിയുള്ള ബജാജ് ഓട്ടോയ്ക്ക് മലേഷ്യ പോലുള്ള വിപണികളിൽ മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. പരമ്പരാഗതമായി ശ്രീലങ്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു ബജാജിന്റെ കയറ്റുമതി. പുതിയ രാജ്യങ്ങളിലേക്കു കയറ്റുമതി തുടങ്ങിയതോടെ ഇത്തരം വിപണികളെ അമിതമായി ആശ്രയിക്കുന്നതു കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും രവികുമാർ വിശദീകരിച്ചു. 

ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിൽ 4,09,525 യൂണിറ്റായിരുന്നു ബജാജ് ഓട്ടോയുടെ കയറ്റുമതി. 15 മാസത്തെ ഇടവേളയ്ക്കു ശേഷമാണു ത്രൈമാസ കയറ്റുമതി നാലു ലക്ഷം യൂണിറ്റ് പിന്നിടുന്നതെന്ന് രവികുമാർ അറിയിച്ചു. മലേഷ്യ പോലുള്ള രാജ്യങ്ങളിൽ വിൽപ്പന തുടങ്ങിയതാണ് ഈ നേട്ടം ആവർത്തിക്കാൻ ഇടയാക്കിയത്. ഇതിനു പുറമെ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ വിൽപ്പനയും മെച്ചപ്പെട്ടിട്ടുണ്ട്. കൊളംബിയയിലെയും ഫിലിപ്പൈൻസിലെയും നില മാറ്റമില്ലാതെ തുടരുമ്പോൾ ശ്രീലങ്കയിലെ വിൽപ്പനയിൽ തിരിച്ചടി തുടരുകയാണ്.