Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എൽ ടൈറ്റിൽ സ്പോൺസറാകാൻ ഹീറോ മുടക്കിയത് ഏകദേശം 160 കോടി രൂപ

ISL 2016 Champion, Image Source: ISL Official Website ISL 2016 Champion, Image Source: ISL Official Website

വിദേശ ഫുട്ബോൾ താരങ്ങൾ കളംനിറഞ്ഞാടുന്ന ഇന്ത്യൻ സൂപ്പർ ലീഗി(ഐ എസ് എൽ)ന്റെ ടൈറ്റിൽ സ്പോൺസർഷിപ് തുടരാൻ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് തീരുമാനിച്ചു. ഐ എം ജി - റിയലൻസും സ്റ്റാർ ഇന്ത്യയും ചേർന്ന് 2014 മുതൽ സംഘടിപ്പിക്കുന്ന ഐ എസ് എല്ലിന്റെ പ്രായോജകരായി മൂന്നു വർഷത്തേക്കു കൂടി തുടരാനാണു കമ്പനിയുടെ തീരുമാനം.

ആദ്യ ഐ എസ് എൽ മുതൽ ഹീറോയാണു ചാംപ്യൻഷിപ്പിന്റെ ടൈറ്റിൽ സ്പോൺസർ. അടുത്ത മൂന്നു വർഷത്തേക്ക് ഈ പദവിയിൽ തുടരാൻ 2.5 കോടി ഡോളർ(ഏകദേശം 160.96 കോടി രൂപ) ആണു കമ്പനി ചെലവഴിക്കുകയെന്ന് ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് അധ്യക്ഷയായ നിത അംബാനി അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ചു നീളമേറിയ ഐ എസ് എൽ സീസണാണ് ഈ നവംബറിൽ തുടങ്ങുന്നതെന്ന് അവർ വെളിപ്പെടുത്തി. ടീമുകളുടെ എണ്ണം കൂടിയതോടെ മത്സരങ്ങൾ മുൻ സീസണിലെ 61ൽ നിന്ന് 95ലെത്തി. മുമ്പ് രണ്ടര മാസമായിരുന്ന ഐ എസ് എൽ സീസൺ ഇക്കൊല്ലം അഞ്ചു മാസത്തോളം നീളുമെന്നും അവർ അറിയിച്ചു.

സീസണു നീളമേറിയതോടെ കളിക്കാർക്ക് തുടർച്ചയായ മത്സരങ്ങൾക്കിടയിൽ വേണ്ടത്ര വിശ്രമം അനുവദിക്കാനാവും. ഇതുവഴി കളിയുടെ നിലവാരം ഉയരുമെന്നും അംബാനി പ്രതീക്ഷ പ്രകടിപ്പിച്ചു. ഐ എസ് എല്ലുമായി സഹകരിക്കാൻ കോർപറേറ്റുകൾ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത് ആഹ്ലാദകരമാണെന്നും അവർ അഭിപ്രായപ്പെട്ടു. ജംഷഡ്പൂർ എഫ് സിയും ബെംഗളൂരു എഫ് സിയുമാണ് ഈ ഐ എസ് എൽ സീസണിൽ മത്സരരംഗത്തെത്തുന്ന പുതിയ ടീമുകൾ; ഇതോടെ മത്സരരംഗത്തുള്ള ടീമുകൾ 10 ആയി ഉയർന്നു. ടാറ്റ സ്റ്റീൽ ആണു ജംഷഡ്പൂർ എഫ് സിയുടെ പ്രായോജകർ; ബെംഗളൂരു എഫ് സിയുടെ അണിയറയിലുള്ളതാവട്ടെ ജിൻഡാൽ ഗ്രൂപ്പിൽപെട്ട ജെ എസ് ഡബ്ല്യുവും.