Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ടൈഗർ എക്സ്പ്ലോറർ എക്സ് സി എക്സ്’ എത്തി

Triumph Tiger Explorer XCX Triumph Tiger Explorer XCX

ബ്രിട്ടീഷ് നിർമാതാക്കളായ ട്രയംഫ് മോട്ടോർ സൈക്കിൾ ഇന്ത്യയുടെ ‘2017 ടൈഗർ എക്സ്പ്ലോറർ എക്സ് സി എക്സ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. വിദേശത്തു നിർമിച്ച് ഇറക്കുമതി വഴി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ബൈക്കിന് 18.75 ലക്ഷം രൂപയാണു ഷോറൂം വില.

അഡ്വഞ്ചർ മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ‘ട്രയംഫ് ടൈഗർ’ ശ്രേണിയിലെ മുന്തിയ പതിപ്പായ ‘എക്സ് സി എക്സി’ൽ ദൃഢതയുള്ള വയർ സ്പോക്ക് വീലുകളും മുൻനിര ഇലക്ട്രോണിക്സുമൊക്കെയുണ്ട്. മുൻ മോഡലിനു സമാനമായ രൂപകൽപ്പനയാണ് പുതിയ ബൈക്കിനും ട്രയംഫ് സ്വീകരിച്ചിരിക്കുന്നത്. റൈഡിങ് സുഖം മെച്ചപ്പെടുത്താൻ ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ വിൻഡ്സ്ക്രീനും സെമി ആക്ടീവ് സസ്പെൻഷനുമൊക്കെ ബൈക്കിലുണ്ട്. റോഡ്, റെയിൻ, ഓഫ് റോഡ് സാധ്യതകളോടെ റൈഡ് ബൈ വയർ സൗകര്യം, പ്രോഗ്രാമബ്ൾ റൈഡർ മോഡ് എന്നിവയൊക്കെ ഇലക്ട്രോണിക് പാക്കേജിലുണ്ട്.

മെച്ചപ്പെട്ട നിയന്ത്രണത്തിനായി കോണറിങ് എ ബി എസ്, ട്രാക്ഷൻ കൺട്രോൾ, പുതിയ ഇനേഷ്യൽ മെഷർമെന്റ് യൂണിറ്റ്(ഐ എം യു) എന്നിവയും ബൈക്കിലുണ്ട്. പരിഷ്കരിച്ച ട്യൂണിങ് സഹിതമെത്തുന്ന 1,215 സി സി, ഇൻ ലൈൻ മൂന്നു സിലിണ്ടർ എൻജിനാണു ബൈക്കിനു കരുത്തേകുന്നത്. മലിനീകരണ നിയന്ത്രണത്തിൽ യൂറോ നാല്(അഥവാ ഭാരത് സ്റ്റേജ് നാല്) നിലവാരം പുലർത്തുന്ന ഈ എൻജിന് പരമാവധി 137 പി എസ് കരുത്തും 123 എൻ എം ടോർക്കുമാണ് സൃഷ്ടിക്കുക. എക്സ്ട്രീം അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഡ്യുകാറ്റി ‘മൾട്ടി സ്ട്രാഡ 1200 എൻഡ്യൂറൊ’, ബി എം ഡബ്ല്യു ‘ആർ 1200 ജി എസ് അഡ്വഞ്ചർ’ തുടങ്ങിവയോടാവും ‘2017 ടൈഗർ എക്സ്പ്ലോറർ എക്സ് സി എക്സ്’ മത്സരിക്കുക.