Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീമിയം സർവീസിങ്ങിനും ഇനി ‘നെക്സ’

Nexa

‘നെക്സ’ വഴി വിൽക്കുന്ന പ്രീമിയം മോഡലുകളുടെ വിൽപ്പനാന്തര സേവനത്തിനായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതിയ ‘നെക്സ സർവീസ്’ ശൃംഖലയ്ക്കു തുടക്കമിട്ടു. രാജ്യതലസ്ഥാന മേഖലയിലെ ഗുരുഗ്രാമിലാണു മാരുതിയുടെ ആദ്യ ‘നെക്സ സർവീസ്’ ഔട്ട്ലെറ്റ് പ്രവർത്തനം തുടങ്ങിയത്. ഘട്ടം ഘട്ടമായി ‘നെക്സ സർവീസ്’ പ്രവർത്തനം രാജ്യമാകെ വ്യാപിപ്പിക്കാനാണു മാരുതി സുസുക്കിയുടെ പദ്ധതി. അടുത്ത മാർച്ചിനുള്ളിൽ ഇത്തരത്തിലുള്ള 60 — 70 സർവീസ് സെന്ററുകൾ പ്രവർത്തനക്ഷമമാക്കുമെന്നാണു കമ്പനിയുടെ പ്രഖ്യാപനം. 2020 ആകുമ്പോഴേക്ക് ‘നെക്സ സർവീസ്’ ശൃംഖലയിൽ 300 കേന്ദ്രങ്ങൾ തുറക്കും.

‘നെക്സ’ വഴി കാർ വാങ്ങുന്നവർക്ക് അതേ പ്രീമിയം സേവനം ഉറപ്പാക്കുകയാണു ‘നെക്സ സർവീസി’ന്റെ ലക്ഷ്യമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആർ എസ് കാൽസി അറിയിച്ചു. നിലവിൽ മാരുതി സുസുക്കിയുടെ സാധാരണ സർവീസ് സെന്ററുകൾ സന്ദർശിക്കുന്നവർക്കും ‘നെക്സ സർവീസി’ന്റെ സേവനം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ യന്ത്രവൽക്കരണത്തിന്റെ പിൻബലമുള്ള ‘നെക്സ സർവീസി’ൽ എക്സ്പ്രസ് ബേ, പ്രീമിയം വെയ്റ്റിങ് ലൂഞ്ച് തുടങ്ങിയവയൊക്കെ സജ്ജീകരിച്ചിട്ടുണ്ട്.

ലക്ഷ്യമിടുന്നത് യുവ ഇടപാടുകാരെയായതിനാൽ ഡിജിറ്റൽ മാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനും പദ്ധതിയുണ്ടെന്ന് കാൽസി അറിയിച്ചു. നിലവിൽ ‘നെക്സ’യിൽ നിന്നു കാർ വാങ്ങുന്നവരും വിൽപ്പനാന്തര സേവനത്തിനായി  പരമ്പരാഗത സർവീസ് സെന്ററുകളെയാണ് ആശ്രയിച്ചിരുന്നത്. 

‘നെക്സ സർവീസ്’ വർക്ക്ഷോപ്പുകളിൽ ഓൺലൈൻ വഴി ബുക്കിങ് നടത്താനുള്ള സൗകര്യം, വാഹനത്തിന്റെ ഡിജിറ്റൽ ഹെൽത്ത് കാർഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാവും. കൂടാതെ വാഹനത്തിന്റെ സർവീസിങ് നടത്തുന്നത് ഉപയോക്താവിന്റെ ഫോൺ അഥവാ ടാബ്ലറ്റിലേക്ക് തത്സമയം സ്ട്രീം ചെയ്യാനും ക്രമീകരണം ഏർപ്പെടുത്തും. രാജ്യത്ത് ഇപ്പോൾ 250 ‘നെക്സ’ ഷോറൂമുകളാണുള്ളത്. 2020ൽ ഇത്തരം ഷോറൂമുകളുടെ എണ്ണം 400 ആക്കി ഉയർത്താനാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.