Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോയിലെ വിൽപ്പന: ഇന്ത്യൻ ‘വെന്റോ’ മൂന്നാമത്

vento-preferred-edition

ഇന്ത്യയിൽ നിന്നു മെക്സിക്കോയിലേക്കുള്ള ‘വെന്റോ’ കയറ്റുമതി 2.10 ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ. ഇതോടെ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ട കാറുകളുടെ പട്ടികയിൽ സെഡാനായ ‘വെന്റോ’യും ഇടം പിടിച്ചു. മാത്രമല്ല, മെക്സിക്കൻ വിപണിയിൽ ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളിൽ ‘വെന്റോ’ മൂന്നാം സ്ഥാനം സ്വന്തമാക്കിയെന്നും ഫോക്സ്‌വാഗൻ അവകാശപ്പെട്ടു. ‘വെന്റോ’യടക്കം രണ്ടര ലക്ഷത്തോളം ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാറുകളാണു ഫോക്സ്‌വാഗൻ ഇന്ത്യയിൽ നിർമിച്ചു മെക്സിക്കോയിലേക്കു കയറ്റുമതി ചെയ്തത്. ‘വെന്റോ’യ്ക്കു പുറമെ ഇന്ത്യയിൽ നിർമിച്ച ഹാച്ച്ബാക്കായ ‘പോളോ’യാണു മെക്സിക്കൻ വിപണിയിലെത്തുന്നത്. 

ഇന്ത്യയിൽ 2009ലാണു ഫോക്സ്‌വാഗൻ ‘വെന്റോ’യുടെ നിർമാണം ആരംഭിച്ചത്; നാലു വർഷത്തിനകം കാർ കയറ്റുമതിയും ആരംഭിച്ചു. പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ ഉൽപ്പാദിപ്പിക്കുന്ന ‘വെന്റോ’യിൽ പകുതിയിലേറെയും ഫോക്സ്‌വാഗൻ കയറ്റുമതി ചെയ്യുകയാണ്. ഉത്തര, ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ മുപ്പത്തി അഞ്ചോളം രാജ്യങ്ങളിലേക്കു ഫോക്സ്‌വാഗൻ ഇന്ത്യയിൽ നിർമിച്ച കാർ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതുവരെ മൊത്തം 3.10 ലക്ഷത്തോളം കാറുകളാണു കമ്പനി ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്തത്. 

മെക്സിക്കോയിൽ ‘ജെറ്റ ക്ലാസിക്കോ’യുടെ പകരക്കാരനായിട്ടാണു ഫോക്സ്‌വാഗൻ ഇന്ത്യൻ നിർമിത ‘വെന്റോ’ അവതരിപ്പിച്ചത്. രൂപകൽപ്പനയിലെ മികവും നിർമാണത്തിലെ ഗുണനിലവാരവും സുരക്ഷിതത്വവും യാത്രാസുഖവും സ്ഥലസൗകര്യവുമൊക്കെ അനുകൂലഘടകമായതോടെ വിൽപ്പനയിൽ ഗണ്യമായ വർധന കൈവരിച്ചു മുന്നേറാൻ ‘വെന്റോ’യ്ക്കു കഴിഞ്ഞു.  കഴിഞ്ഞ സാമ്പത്തിക വർഷം 86,852 കാറുകളാണു ഫോക്സ്‌വാഗൻ ഇന്ത്യ കയറ്റുമതി ചെയ്തത്; മുൻവർഷത്തെ 75,989 യൂണിറ്റിനെ അപേക്ഷിച്ച് 14.3% അധികമാണിത്. പോരെങ്കിൽ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തെത്താനും ഫോക്സ്‌വാഗനു കഴിഞ്ഞു. 

ചക്കനിലെ നിർമാണശാലയിൽ 82.5 കോടി യൂറോ(ഏകദേശം 5,720 കോടി രൂപ)യാണു ഫോക്സ്‌വാഗൻ നിക്ഷേപിച്ചിരിക്കുന്നത്; എൻജിനും ട്രാൻസ്മിഷനും ഒഴികെ കാർ നിർമാണത്തിനുള്ള 82 ശതമാനത്തോളം ഘടകങ്ങൾ പ്രാദേശികമായി സമാഹരിക്കാനും കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്. 2016 മാർച്ച് മുതൽ മൂന്നു ഷിഫ്റ്റിലും ഉൽപ്പാദനം നടക്കുന്ന ശാലയിൽ നാലായിരത്തോളം ജീവനക്കാരാണുള്ളത്.