Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബുള്ളറ്റ്’ ഉൽപ്പാദനം 8.25 ലക്ഷം ആക്കാൻ റോയൽ എൻഫീൽഡ്

classic-350-redditch-red

‘ബുള്ളറ്റ്’ മോട്ടോർ സൈക്കിൾ ഉൽപ്പാദന ശേഷി 25 ശതമാനത്തോളം വർധിപ്പിക്കാൻ റോയൽ എൻഫീൽഡ് തയാറെടുക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 6.70 ലക്ഷം ‘ബുള്ളറ്റ്’ ആണ് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് വിറ്റത്. ഇക്കൊല്ലമാവട്ടെ മൊത്തം 8.25 ലക്ഷം ‘ബുള്ളറ്റ്’ ഉൽപ്പാദിപ്പിക്കാനാണു റോയൽ എൻഫീൽഡിന്റെ പദ്ധതി. ചെന്നൈയ്ക്കടുത്ത് നിർമാണം പുരോഗമിക്കുന്ന ശാല പ്രവർത്തനക്ഷമമാവുന്നതോടെയാണ് കമ്പനിയുടെ ഉൽപ്പാദനശേഷി ഗണ്യമായി വർധിക്കുക.

ചെന്നൈ നഗരപ്രാന്തത്തിലെ വള്ളംവടഗലിലെ മൂന്നാം നിർമാണശാല അടുത്ത മാസത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിനു സജ്ജമാവുമെന്ന് ഐഷർ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാർഥ ലാൽ വെളിപ്പെടുത്തുന്നു. ഉൽപ്പാദനശേഷി ഉയർത്തുന്നതടക്കമള്ള വികസന പ്രവർത്തനങ്ങൾക്കായി കമ്പനി 2017 — 18ൽ 800 കോടി രൂപയാണു നിക്ഷേപിക്കുക.

രാജ്യത്ത് 150 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുളുടെ വിൽപ്പന 2016 — 17ൽ 27 ലക്ഷം യൂണിറ്റിലെത്തി; 2015 — 16ലെ വിൽപ്പനയായ 22 ലക്ഷത്തെ അപേക്ഷിച്ച് 20.1% അധികമാണിത്. ഈ വിഭാഗത്തിൽ റോയൽ എൻഫീൽഡിന്റെ വിപണി വിഹിതം 22.2 ശതമാനത്തിൽ നിന്ന 24% ആയി ഉയർന്നെന്നാണു കമ്പനിയുടെ അവകാശവാദം.  ആഭ്യന്തര വിപണിയിലെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ വിൽപ്പന, വിപണന ശൃംഖല വിപുലീകരിക്കാനും റോയൽ എൻഫീൽഡിനു പദ്ധതിയുണ്ട്. 600 നഗരങ്ങളിലായി 800 ഡീലർഷിപ്പുകൾ പ്രവർത്തനക്ഷമമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. 2016 — 17ൽ 150 പുതിയ ഡീലർഷിപ്പുകൾ തുറന്നിരുന്നു; നിലവിൽ 675 ഡീലർഷിപ്പുകളാണ് റോയൽ എൻഫീൽഡിനുള്ളത്.