Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബരത്തിന്റെ അവസാന വാക്ക് ‘റോൾസ് റോയ്സ് ഫാന്റം എയ്റ്റ്’

NEW ROLLS-ROYCE PHANTOM NEW ROLLS-ROYCE PHANTOM

വാഹന ചരിത്രത്തിൽ ഇതിഹാസ മാനങ്ങളുള്ള ‘ഫാന്റ’ത്തിന്റെ എട്ടാം തലമുറ റോൾസ് റോയ്സ് അനാവരണം ചെയ്തു. ആഡംബരത്തിനും സ്ഥലസൗകര്യത്തിനും വിലയ്ക്കും മാത്രമല്ല ശബ്ദരഹിതമായ പ്രവർത്തനത്തിനും കീർത്തി കേട്ട ‘ഫാന്റം’ 1925ലാണ് ആദ്യമായി നിരത്തിലെത്തിയത്. കമ്പനിയിൽ നിന്നുള്ള ഏറ്റവും ആർഭാടപൂർണവും വലിപ്പമേറിയതുമായ മോഡൽ എന്ന പെരുമയോടെയാണ് ബ്രിട്ടീഷ് നിർമാതാക്കളായ റോൾസ് റോയ്സ് ‘2017 ഫാന്റം എയ്റ്റ്’ അനാവരണം ചെയ്യുന്നത്.. ആധുനിക കാലത്ത് ബി എം ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള റോൾസ് റോയ്സ് അനാവരണം ചെയ്യുന്ന രണ്ടാമത് മോഡലിന്റെ വില സംബന്ധിച്ചു പക്ഷേ കൃത്യമായ സൂചനകളൊന്നുമില്ല.

NEW ROLLS-ROYCE PHANTOM NEW ROLLS-ROYCE PHANTOM

ഡീസലിലും പെട്രോളിലും ഓടുന്ന വാഹനങ്ങളുടെ വിൽപ്പന 2040ൽ അവസാനിപ്പിക്കുമെന്നു ബ്രിട്ടൻ പ്രഖ്യാപിച്ച പിന്നാലെയാണു റോൾസ് റോയ്സ് ‘ഫാന്റം എയ്റ്റു’മായി എത്തുന്നതെന്ന സവിശേഷതയുമുണ്ട്. അടുത്ത ദശാബ്ദത്തോടെ റോൾസ് റോയ്സും വൈദ്യുത വാഹനങ്ങളിലേക്കു മാറുമെന്നായിരുന്നു ഇതേപ്പറ്റി കമ്പനി മേധാവി ടോർസ്റ്റെൻ മ്യുള്ളർ ഒറ്റ്വോസിന്റെ പ്രതികരണം.  ലോകത്തിലെ അതിസമ്പന്നരെയും ധനാഢ്യരെയും തൃപ്തിപ്പെടുത്താൻ പോന്ന സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായാണ് ‘റോൾസ് റോയ്സ് ഫാന്റം എയ്റ്റി’ന്റെ വരവ്. റോൾസ് റോയ്സ് ശ്രേണിയിലെ ഏറ്റവും ശബ്ദശല്യം കുറഞ്ഞ കാറെന്ന പെരുമ പേറുന്ന ‘ഫാന്റം എയ്റ്റി’നു കരുത്തേകുക 6.75 ലീറ്റർ, വി 12, ടർബോചാർജ്ഡ് എൻജിനാവും; 563 ബി എച്ച് പി വരെയാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്ത്. പരമാവധി ടോർക്കാവട്ടെ 900 എൻ എം വരെയും. മണിക്കൂറിൽ 250 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം.

NEW ROLLS-ROYCE PHANTOM NEW ROLLS-ROYCE PHANTOM

ഏതു വേഗത്തിലും കൃത്യതയാർന്ന ഗീയർമാറ്റം സാധ്യമാക്കാൻ ഉപഗ്രഹസഹായത്തോടെ പ്രവർത്തിക്കുന്ന റോൾസ് സെഡ് എഫ് എട്ടു സ്പീഡ് ഗീയർബോക്സാണു കാറിലുള്ളത്. വ്യതിയാനങ്ങളില്ലാത്ത കുതിപ്പും മുന്നേറ്റവും ഉറപ്പാക്കാൻ കൃത്യമായ ഭാരവും ചലനവും തിരിച്ചറിയാൻ പ്രാപ്തിയുള്ള പുത്തൻ ഷാസിയിലാണു കാറിന്റെ നിർമാണം. വളവുകളിൽ തതകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുംവിധത്തിലാണു പുതിയ നാലു വീൽ സ്റ്റീയറിങ്ങിന്റെ ഘടന. മുന്നിലുള്ള റോഡിന്റെ സ്ഥിതി വിലയിരുത്തി സസ്പെൻഷൻ ക്രമീകരിക്കാൻ സങ്കീർണമായ കാമറ സംവിധാനവും കാറിലുണ്ട്.

NEW ROLLS-ROYCE PHANTOM NEW ROLLS-ROYCE PHANTOM

അകത്തളമാവട്ടെ ആർഭാടസമൃദ്ധമാണ്; ഉള്ളിൽ കയറി ഡോർ ഹാൻഡിലിലെ സെൻസറിൽ സ്പർശിച്ചാൽ വാതിൽ താനെ അടയും. നിലവിലുള്ള ‘ഫാന്റ’ങ്ങളെ കടത്തിവെട്ടുന്ന സുഖവും സൗകര്യവും പ്രദാനം ചെയ്യുംവിധമാണു പുത്തൻ സീറ്റുകളുടെ രൂപകൽപ്പന. വിസ്കി ഗ്ലാസുകളും ഡികാന്ററും ഷാംപെയ്ൻ ഫ്ളൂട്ടുകളും കൂൾ ബോക്സുമൊക്കെ സൂക്ഷിക്കാൻ ഡ്രിങ്ക്സ് കാബിനറ്റും സജ്ജമാണ്. പോരെങ്കിൽ ഉടമയുടെ അഭിരുചികൾക്കൊത്ത് അകത്തളം രൂപകൽപ്പന ചെയ്യാനുള്ള അവസരവും റോൾസ് റോയ്സ് വാഗ്ദാനം ചെയ്യുന്നു. 

സുരക്ഷാവിഭാഗത്തിലാവട്ടെ നൈറ്റ് വിഷൻ, വിഷൻ അസിസ്റ്റ്, ആക്ടീവ് ക്രൂസ് കൺട്രോൾ, കൂട്ടിയിടിയെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്ന കൊളീഷൻ വാണിങ്, കാൽനടക്കാരുടെ സാന്നിധ്യം തിരിച്ചറിയുന്ന പെഡസ്ട്രിയൻ വാണിങ്, ക്രോസ് ട്രാഫിക് വാണിങ്, ലെയ്ൻ ഡിപ്പാർച്ചർ — ലെയ്ൻ ചേഞ്ചിങ് വാണിങ് എന്നിവയൊക്കെ കാറിൽ ലഭ്യമാണ്. അകത്തളത്തിൽ ശബ്ദശല്യം കുറയ്ക്കാൻ വിപുലമായ സജ്ജീകരണങ്ങളോടെയാണു ‘ഫാന്റം എയ്റ്റ്’ എത്തുക; കാറിനായി പ്രത്യേകതരം ടയറുകൾ വരെ റോൾസ് റോയ്സ് വികസിപ്പിച്ചിട്ടുണ്ട്.