Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി കാറിനായി കാത്തിരിക്കുന്നവർ 1.5 ലക്ഷം

brezza-1 Maruti Suzuki Brezza

മാരുതി സുസുക്കി ഇന്ത്യയിൽ നിന്നുള്ള കാറുകൾ ബുക്ക് ചെയ്തു കാത്തിരിക്കുന്നത് ഒന്നര ലക്ഷത്തോളം പേർ. പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’, കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’, എൻട്രി ലവൽ സെഡാനായ ‘ഡിസയർ’ എന്നിവയ്ക്കു മാത്രമാണ് ഇത്രയേറെ പേർ കാത്തിരിക്കുന്നത്. ഉൽപ്പാദനം ഗണ്യമായി ഉയർത്തിയെങ്കിലും പുത്തൻ ‘ബലേനൊ’ ലഭിക്കണമെങ്കിൽ 16 ആഴ്ച വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ആവശ്യപ്പെടുന്നതു ‘വിറ്റാര ബ്രേസ’യെങ്കിൽ കാത്തിരിപ്പ്കാലം 22 ആഴ്ച വരെ ഉയരുമെന്നു കമ്പനി മാനേജ്മെന്റ് വ്യക്തമാക്കുന്നു. 

maruti-suzuki-swift-dezire-2017 Dzire

വിപണിയുടെ ആവശ്യത്തിനൊത്ത് പല കാറുകളും ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിലും അടുത്ത മാർച്ചിനകും ചില പുത്തൻ മോഡലുകൾ അവതരിപ്പിക്കാൻ മാരുതി സുസുക്കി തയാറെടുക്കുന്നുണ്ട്. എസ് യു വിയായ ‘എസ് ക്രോസി’ന്റെ പുത്തൻ വകഭേദം, പുതിയ ‘സ്വിഫ്റ്റ്’, ‘വിറ്റാര ബ്രേസ’യുടെ പെട്രോൾ പതിപ്പ് തുടങ്ങിയവയാണു കമ്പനി വരുംമാസങ്ങളിൽ പുറത്തിറക്കുക. നേരത്തെ ‘ബലേനൊ ആർ എസ്’, ‘ഡിസയർ’ എന്നിവ മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു. 

Maruti Baleno Baleno

പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ യാത്രാവാഹന വിഭാഗത്തിൽ മാരുതി സുസുക്കിയുടെ വിപണി വിഹിതം 50.50% ആയി ഉയർന്നിരുന്നു; 2016 — 17ന്റെ ആദ്യ പാദത്തിൽ 46.2% ആയിരുന്നു കമ്പനിയുടെ വിപണി വിഹിതം. ‘വിറ്റാര ബ്രേസ’യുടെ തകർപ്പൻ പ്രകടനം പിൻബലമേകിയതോടെ യൂട്ടിലിറ്റി വാഹന വിപണിയിലും നേതൃസ്ഥാനം സ്വന്തമാക്കാൻ മാരുതി സുസുക്കിക്കു സാധിച്ചിട്ടുണ്ട്. 

ഗുജറാത്തിലെ പുതിയ ശാലയിൽ നിന്നു കഴിഞ്ഞ ഏപ്രിൽ — ജൂൺ ത്രൈമാസത്തിൽ 24,000 കാറുകളും മാരുതി സുസുക്കി ഉൽപ്പാദിപ്പിച്ചു. വരുന്ന മാർച്ചോടെ ഈ ശാലയിൽ നിന്നു പൂർണതോതിലുള്ള ഉൽപ്പാദനം സാധ്യമാവുമെന്നാണു മാരുതി സുസുക്കിയുടെ പ്രതീക്ഷ. ഇതോടെ ‘ബലേനൊ’യുടെയും ‘വിറ്റാര ബ്രേസ’യുടെയും ഉൽപ്പാദനത്തിലെ പരിമിതികൾ മറികടക്കാനും ഇരു മോഡലുകളുടെയും ലഭ്യത മെച്ചപ്പെടുത്താനും കഴിയുമെന്നും കമ്പനി കണക്കുകൂട്ടുന്നു. 2019ൽ തന്നെ ഗുജറാത്ത് ശാലയിലെ രണ്ടാമത് അസംബ്ലി ലൈൻ പ്രവർത്തനസജ്ജമാക്കാനും മാരുതി സുസുക്കി ലക്ഷ്യമിടുന്നുണ്ട്.