Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഭവമാകാൻ ‘കോംപസ്’; 5000 പിന്നിട്ടു ബുക്കിങ്

Jeep Compass Jeep Compass

വില പ്രഖ്യാപനത്തിലൂടെ വിപണിയെ ഞെട്ടിച്ച ‘ജീപ്പ് കോംപസ്’ സ്വന്തമാക്കാൻ ആരാധകപ്രവാഹം. ഇതുവരെ അയ്യായിരത്തോളം ബുക്കിങ്ങാണ് ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ജീപ്പായ ‘കോംപസി’നെ തേടിയെത്തിയത്. മുമ്പ് നിശ്ചയിച്ച തീയതിക്കും മുമ്പേയായിരുന്നു ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ(എഫ് സി എ) ഇന്ത്യ ‘ജീപ്പ് കോംപസി’ന്റെ അരങ്ങേറ്റം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്. പെട്രോൾ എൻജിനുള്ള ‘കോംപസി’ന്റെ വില തുടങ്ങുന്നത് 14.95 ലക്ഷം രൂപ മുതലാണ്; ഡീസൽ മോഡലുകളുടെ വിലയാവട്ടെ 15.45 ലക്ഷം രൂപ മുതലും. 

jeep-compass-3 Jeep Compass

ഓഗസ്റ്റിൽ ‘കോംപസ്’ അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ മുൻതീരുമാനമെന്ന് എഫ് സി എ ഇന്ത്യ മാനേജിങ് ഡയറക്ടർ കെവിൻ ഫ്ളിന്നും വ്യക്തമാക്കുന്നു. എന്നാൽ ‘കോംപസ്’ പ്രദർശിപ്പിച്ചപ്പോൾ ലഭിച്ച ഉജ്വല വരവേൽപ് പരിഗണിച്ചു ജീപ്പിന്റെ അരങ്ങേറ്റം മുന്നോട്ടാക്കുകയായിരുന്നു. ആദ്യ കാഴ്ചയിൽ ‘കോംപസി’ൽ ആകൃഷ്ടരായി 38,000 പേരാണ് അന്വേഷണങ്ങളുമായി എത്തിയത്; ഇതിൽ അയ്യായിരത്തോളം പേർ ‘കോംപസ്’ ബുക്ക് ചെയ്താണു മടങ്ങിയത്. ‘റാംഗ്ലറി’ന്റെയും ‘ഗ്രാൻഡ് ചെറോക്കീ’യുടെയും വില പ്രഖ്യാപിച്ചപ്പോൾ ഉയർന്ന വിമർശനങ്ങൾ കമ്പനി ഗൗരവമായെടുത്തിരുന്നെന്നും ഫ്ളിൻ വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ ഏറെ ചർച്ചകൾക്കൊടുവിലാണു കമ്പനി ‘കോംപസി’ന്റെ വില നിശ്ചയിച്ചത്. ഈ തീരുമാനം ശരിയായിരുന്നെന്നാണ് പ്രാഥമിക പ്രതികരണങ്ങൾ നൽകുന്ന സൂചനയെന്നും ഫ്ളിൻ അഭിപ്രായപ്പെട്ടു. 

jeep-compass-1 Jeep Compass

പെട്രോൾ, ഡീസൽ ‘കോംപസി’നുള്ള ഓർഡറുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും എഫ് സി എ ഇന്ത്യ ആദ്യം കൈമാറുക ഡീസൽ എൻജിനുള്ള മോഡലുകളാവും. മാനുവൽ ട്രാൻസ്മിഷനുള്ള പെട്രോൾ ‘കോംപസ്’ കൈമാറ്റത്തിനായി ദീപാവലിയോളം കാത്തിരിക്കേണ്ടി വരുമെന്നാണു സൂചന. പിന്നാലെ ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള പെട്രോൾ ‘കോംപസും’ വിൽപ്പനയ്ക്കെത്തും.‘സ്പോർട്’, ‘ലോഞ്ചിറ്റ്യൂഡ്’, ‘ലിമിറ്റഡ്’ വകഭേദങ്ങളിലാണു ‘ജീപ്പ് കോംപസ്’ വിൽപ്പനയ്ക്കെത്തുക. മിനിമൽ ഗ്രേ, എക്സോട്ടിക്ക റെഡ്, ഹൈഡ്രോ ബ്ലൂ, വോക്കൽ വൈറ്റ്, ഹിപ് ഹോപ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാവുന്ന ‘കോംപസി’ന് മൂന്നു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയാണ് എഫ് സി എ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. വർഷത്തിലൊരിക്കലോ 15,000 കിലോമീറ്റർ പിന്നിടുമ്പോഴോ മാത്രമാണു ‘കോംപസി’നു സർവീസ് ആവശ്യമുള്ളത്. 

Jeep Compass Jeep Compass

ഇന്ത്യൻ സാഹചര്യത്തിൽ സുപ്രധാനമായ വില നിർണയമെന്ന ആദ്യ കടമ്പ കടന്ന സാഹചര്യത്തിൽ വിപണനശൃംഖല വിപുലീകരണത്തിനാണ് എഫ് സി എ ഇന്ത്യ ഇപ്പോൾ പരിഗണന നൽകുന്നത്. വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 60 ആക്കി ഉയർത്താനും 48 സർവീസ് ഔട്ട്ലെറ്റുകൾ സജ്ജമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. 

‘കോംപസി’ന്റെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില(ലക്ഷം രൂപയിൽ)

പെട്രോൾ ‘സ്പോർട്’ — 14.95, ‘ലിമിറ്റഡ്’(ഓട്ടമാറ്റിക് ട്രാൻസ്മിഷൻ)  — 18.70, ‘ലിമിറ്റഡ് ഓപ്ഷൻ’(ഓട്ടമാറ്റിക് ട്രാൻസ്മിഷൻ) — 19.40.
ഡീസൽ ‘സ്പോർട്’ — 15.45, ‘ലോഞ്ചിറ്റ്യൂഡ്’ — 16.45, ‘ലോഞ്ചിറ്റ്യൂഡ് ഓപ്ഷൻ’ — 17.35, ‘ലിമിറ്റഡ്’ — 18.05, ‘ലിമിറ്റഡ് ഓപ്ഷൻ’ — 18.75, ‘ലിമിറ്റഡ് ഫോർ ബൈ ഫോർ’ — 19.95, ‘ലിമിറ്റഡ് ഓപ്ഷൻ ഫോർ ബൈ ഫോർ’ — 20.65.