Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ മോട്ടോഴ്സ് മേധാവിക്കു പ്രതിഫലം 22.55 കോടി രൂപ

Guenter Butschek Guenter Butschek

ടാറ്റ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ ഗ്വന്റെർ ബട്ഷെക്കിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രതിഫലം 22.55 കോടി രൂപ. എന്നാൽ പ്രവർത്തന നഷ്ടത്തിന്റെ പേരിൽ കമ്പനിയിലെപല  തന്ത്രപ്രധാന തസ്തികകളിലെ ജീവനക്കാരുടെയും പ്രതിഫലം ടാറ്റ മോട്ടോഴ്സ് വെട്ടിക്കുറച്ചിട്ടുമുണ്ട്. എം ഡിക്കു പുറമെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ സ്വതന്ത്ര അംഗങ്ങളുടെ പ്രതിഫലമാണു ടാറ്റ മോട്ടോഴ്സ് വർധിപ്പിച്ചത്; പക്ഷേ കഴിഞ്ഞ ഡിസംബറിൽ ഡയറക്ടർ പദമൊഴിഞ്ഞ നുസ്ലി വാഡിയയുടെ മാത്രം പ്രതിഫലം വെട്ടിക്കുറച്ചു. 

ആഴ്ചകൾക്കു മുമ്പ് കമ്പനിയുടെ വാണിജ്യ വാഹന വിഭാഗം മേധാവി സ്ഥാനത്തു നിന്നു രാജി വച്ച രവി പിഷാരടിയുടെ പ്രതിഫലത്തിലും ഇടിവുണ്ട്. 2015 — 16നെ അപേക്ഷിച്ച 17% ഇടിവോടെ 2.30 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ 2016 — 17ലെ പ്രതിഫലം. എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നു ചീഫ് ഓപ്പറേറ്റിങ് ഓഫിസറമായി സ്ഥാനക്കയറ്റം ലഭിച്ച സതീഷ് ബൊർവാങ്കറുടെ പ്രതിഫലത്തിലും ഇടിവുണ്ട്; മുൻസാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 12% കുറവോടെ 2.14 കോടി രൂപയാണ് അദ്ദേഹത്തിനു 2016 — 17ൽ ലഭിച്ചത്. 

സാമ്പത്തിക കാര്യങ്ങളുടെ ചുമതലക്കാരനായ ചീഫ് ഫിനാൻഷ്യൽ ഓഫിസർ സി രാമകൃഷ്ണന്റെ പ്രതിഫലത്തിൽ രണ്ടു ശതമാനമാണ് ഇടിവ്; 2016 — 17ൽ അദ്ദേഹത്തിനു ലഭിച്ച വേതനം 4.10 കോടി രൂപയാണ്. കമ്പനി സെക്രട്ടറിയായ ഹോഷാങ് സേത്നയുടെ വേനതത്തിലെ കുറവ് ആറു ശതമാനത്തോളമാണ്; 1.22 കോടി രൂപയാണു സേത്നയുടെ 2016 — 17ലെ പ്രതിഫലം. ജോലിയിൽ പ്രവേശിച്ചത് 2016 ഫെബ്രുവരി 15 മുതലായതിനാൽ ബട്ഷെക്കിന്റെ പ്രതിഫലത്തെ മുൻവർഷവുമായി താതരമ്യം ചെയ്യാനാവില്ലെന്നും ടാറ്റ മോട്ടോഴ്സിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

സ്വതന്ത്ര ഡയറക്ടറായ ആർ എ മഷലേക്കർക്ക് 1.56 കോടി രൂപയാണ് ടാറ്റ മോട്ടോഴ്സ് 2016 — 17ൽ പ്രതിഫലം നൽകിയത്; മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 47% അധികമാണിത്. 1.44 കോടി രൂപ ലഭിച്ച എൻ മുൻജിയുടെ വേതനത്തിൽ മുൻവർഷത്തേക്കാൾ 27% ആണു വർധന. കഴിഞ്ഞ മാർച്ച് 29ന് വിരമിച്ച എസ് ഭാർഗവയ്ക്ക് ഒൻപതു ലക്ഷം രൂപയാണു നൽകിയത്; മുൻവർഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം കൂടുതൽ. വി കെ ജയ്രഥിന്റെ പ്രതിഫലമാവട്ടെ 45% വർധനയോടെ 1.58 കോടി രൂപയായി. കഴിഞ്ഞ ഡിസംബറിൽ ഓഹരി ഉടമകൾ വോട്ടെടുപ്പിലൂടെ പുറത്താക്കിയ വാഡിയയ്ക്ക് 6.60 ലക്ഷം രൂപയാണു ലഭിച്ചത്; ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട മുൻ ചെയർമാൻ സൈറസ് മിസ്ത്രിക്കു ലഭിച്ച പ്രതിഫലവും 6.60 ലക്ഷം തന്നെ.  മിസ്ത്രിയുടെ പകരക്കാരനായി 2017 ജനുവരി 17നു കമ്പനി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത എൻ ചന്ദ്രശേഖരന് 2.40 ലക്ഷം രൂപ പ്രതിഫലം ലഭിച്ചു.