Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർക്ലേയ്സ് ക്രെഡിറ്റ് കാർഡുമായി യൂബർ

uber-taxi

ബ്രിട്ടീഷ് ബാങ്കായ ബാർക്ലേയ്സുമായി സഹകരിച്ചു സ്വന്തം ക്രെഡിറ്റ് കാർഡ് പുറത്തിറക്കാൻ സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ റൈഡ് ഷെയറിങ് കമ്പനിയായ യൂബർ ഒരുങ്ങുന്നു. ഇക്കൊല്ലം തന്നെ ക്രെഡിറ്റ് കാർഡ് പുറത്തിറങ്ങുമെന്ന് ബാർക്ലേയ്സ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

ഏതെങ്കിലും ധനകാര്യ സ്ഥാപനവുമായി സഹകരിച്ച് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്ന ആദ്യ റൈഡ് ഷെയറിങ് കമ്പനിയായി ഇതോടെ യൂബർ മാറും. കൂടുതൽ ഇടപാടുകാരെ ആകർഷിക്കാനും സ്ഥിരം ഉപയോക്താക്കളെ നിലനിർത്താനും ലക്ഷ്യമിട്ടു വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ പയറ്റുന്ന ഏറ്റവും ജനപ്രിയ തന്ത്രമാണു കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്. കാർഡ് വഴി ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി ലോയൽറ്റി പോയിന്റുകളും ക്രെഡിറ്റുമൊക്കെയാണു  പതിവു സമ്മാനങ്ങൾ. വിമാന കമ്പനികളുടെയും ഹോട്ടലുകളുടെയും കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾക്കാണ് ആഗോള തലത്തിൽ ആവശ്യക്കാരേറെ.

അതേസമയം കാർഡിന്റെ ഫീസോ വ്യവസ്ഥകളോ സംബന്ധിച്ച സൂചനകയൊന്നും യൂബർ നൽകിയിട്ടില്ല. ഈ വർഷം ആദ്യം അമേരിക്കൻ എക്സ്പ്രസുമായി സഹകരിച്ച് യൂബർ ഉപയോക്താക്കൾക്കു പ്ലാറ്റിനം കാർഡുകൾ അവതരിപ്പിച്ചിരുന്നു. പ്രതിവർഷം 200 ഡോളർ(ഏകദേശം 12,813 രൂപ) മൂല്യമുള്ള സൗജന്യ റൈഡ് ആണ് ഇത്തരം കാർഡുകളുടെ ഉടമസ്ഥർക്കു യൂബറിന്റെ വാഗ്ദാനം. കാർഡ് മുഖേനയല്ലെങ്കിലും യൂബറിന്റെ പ്രധാന എതിരാളികളായ ലിഫ്റ്റിനു യു എസ് വിമാനക്കമ്പനിയായ ഡെൽറ്റയുമായി സൗജന്യ മൈൽ വാഗ്ദാനം ചെയ്യുന്ന പങ്കാളിത്ത പദ്ധതിയുണ്ട്.