Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ടയുടെ ഏറ്റവും വലിയ നിർമാണശാല കർണാടകത്തിൽ

honda-logo

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ടയുടെ ഏറ്റവും വലിയ ഉൽപ്പദാനശാല ഇനി കർണാടകത്തിൽ. നരസാപുര  പ്ലാന്റിലെ നാലാമത് അസംബ്ലി ലൈൻ ഉൽപ്പാദനക്ഷമമായതോടെയാണ് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഈ നേട്ടം സ്വന്തമാക്കിയത്. പ്രതിവർഷം ആറു ലക്ഷം യൂണിറ്റാണ് ഈ ശാലയിലെ ഓരോ അസംബ്ലി ലൈനിന്റെയും ഉൽപ്പാദനശേഷി. പുതിയ അസംബ്ലി ലൈൻ കൂടി പ്രവർത്തനം ആരംഭിച്ചതോടെ നരസാപുര ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 24 ലക്ഷം യൂണിറ്റായാണ് ഉയർന്നത്. ഹരിയാനയിലും രാജസ്ഥാനിലും ഗുജറാത്തിലും മൂന്ന് പ്ലാന്റുകൾ കൂടിയുള്ള എച്ച് എം എസ് ഐയുടെ മൊത്തം ഉൽപ്പാദനശേഷിയാവട്ടെ 64 ലക്ഷം യൂണിറ്റിലുമെത്തി. ഇതോടെ ഹോണ്ടയുടെ ഏറ്റവും വലിയ ഇരുചക്രവാഹന ഉൽപ്പാദനകേന്ദ്രമായും ഇന്ത്യ മാറിയിട്ടുണ്ട്.

ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഇരുചക്രവാഹന വിൽപ്പനയിലും ഇന്ത്യ തന്നെയാണ് ഏറ്റവും വലിയ വിപണി. 2016 — 17ലാണ് ഇന്തൊനീഷയെ പിന്തള്ളി ഇന്ത്യ ഈ സ്ഥാനം സ്വന്തമാക്കിയത്. ആഗോളതലത്തിൽ ഹോണ്ടയുടെ മൊത്തം ഇരുചക്രവാഹന വിൽപ്പനയിൽ 28 ശതമാനത്തോളമാണ് ഇന്ത്യൻ ഉപസ്ഥാപനമായ എച്ച് എം എസ് ഐയുടെ സംഭാവന.

വളർച്ച രേഖപ്പെടുത്തി മുന്നേറുന്ന ഇന്ത്യൻ ഇരുചക്രവാഹന വിപണിക്കു മുന്തിയ പരിഗണനയാണു കമ്പനി നൽകുന്നതെന്ന് ഹോണ്ട മോട്ടോർ കമ്പനി ചീഫ് ഓഫിസർ റീജണൽ ഓപ്പറേഷൻസ് (ഏഷ്യ ആൻഡ് ഓഷ്യാനിയ) ഷിൻജി അവോയാമ വ്യക്തമാക്കി. ഇന്ത്യൻ വിപണിയിലെ മാറുന്ന അഭിരുചികൾക്കൊപ്പം ഭാവി വിപണന സാധ്യത കൂടി പരിഗണിച്ചാണു കമ്പനി കർണാടകത്തിലെ ശാലയിൽ നാലാമത് അസംബ്ലി ലൈൻ സ്ഥാപിച്ചത്. ഇതോടെ 24 ലക്ഷം യൂണിറ്റിന്റെ വാർഷിക ഉൽപ്പാദനശേഷിയുമായി നരസാപുര ശാല ആഗോളതലത്തിൽ തന്നെ ഹോണ്ടയുടെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാണകേന്ദ്രമായെന്നും അദ്ദേഹം അറിയിച്ചു. ഒപ്പം ഇന്ത്യ ഹോണ്ടയുടെ ഏറ്റവും വലിയ ഇരുചക്രവാഹന ഉൽപ്പാദകേന്ദ്രമായും മാറി. 

കർണാടകത്തിലെ നരസാപുരശാലയിൽ ഹോണ്ടയും സപ്ലയർമാരും കൂടി മൊത്തം 5,600 കോടി രൂപയാണ് ഇതുവരെ നിക്ഷേപിച്ചത്. പ്രത്യക്ഷമായും പരോക്ഷമായു 22,000 തൊഴിലവസരങ്ങളും ഈ ശാല സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ നടപ്പു സാമ്പത്തിക വർഷം പുത്തൻ മോഡൽ അവതരണങ്ങൾക്കായി 1,600 കോടി രൂപ കൂടി ചെലവഴിക്കാനും എച്ച് എം എസ് ഐയ്ക്കു പദ്ധതിയുണ്ട്.