Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടേയ് ഇനി വാണിജ്യ വാഹന വിപണിയിലേക്കും

Hyundai

വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പാത പിന്തുടർന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും(എച്ച് എം ഐ എൽ) ഇന്ത്യൻ വാണിജ്യ വാഹന വിപണി നോട്ടമിടുന്നു. ചെറു വാണിജ്യ വാഹനം(എസ് സി വി) മുതൽ ഭാര വാണിജ്യ വാഹനങ്ങൾ(എച്ച് സി വി) വരെയുള്ള വിഭാഗങ്ങളിലെ സാന്നിധ്യമാണു ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. പ്രീമിയം ബസ്, ട്രക്ക് വിഭാഗങ്ങളിലേക്കുമെല്ലാം കമ്പനിയുടെ നോട്ടം നീളുന്നുണ്ട്. 

ഇന്ത്യയിലെ വാണിജ്യ വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ നീക്കം എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഭാവി ബിസിനസ് പങ്കാളികളെ സന്ദർശിക്കാനും ഈ വിപണിയുടെ സാധ്യതകൾ പഠിക്കാനുമായി ഹ്യുണ്ടേയ് വാണിജ്യ വാഹന വിഭാഗം പ്രതിനിധികൾ ജൂണിൽ ഇന്ത്യ സന്ദർശിക്കുകയും ചെയ്തിരുന്നു. കൂടാതെ വാണിജ്യ വാഹനങ്ങളുടെ വിൽപ്പന കൂടി ഏറ്റെടുക്കാൻ താൽപര്യമുണ്ടോ എന്ന് നിലവിലുള്ള കാർ ഡീലർമാരോട് കമ്പനി ആരാഞ്ഞിട്ടുമുണ്ട്. എന്നാൽ ഭാവിയിൽ ഇന്ത്യയിലെ വാണിജ്യ വാഹന വിൽപ്പനയിൽ കമ്പനിയുടെ കാർ വിഭാഗം നേരിട്ട് ഇടപെടില്ലെന്നും കൂ വ്യക്തമാക്കുന്നു.

വാണിജ്യ വാഹന വിൽപ്പന കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാൻ കഴിഞ്ഞ ഡിസംബറിൽ തന്നെ ഹ്യുണ്ടേയ് തീരുമാനമെടുത്തിരുന്നു; ഇന്ത്യയെ പ്രധാന സാധ്യതാ വിപണിയായി പരിഗണിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇന്ത്യയിൽ വാണിജ്യ വാഹന ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാനുള്ള സാധ്യതയും ഹ്യുണ്ടേയ് തേടുന്നുണ്ട്.

ആഭ്യന്തര വിപണിക്കു പുറമെ കയറ്റുമതി കൂടി ലക്ഷ്യമിട്ടാണ് ഹ്യുണ്ടേയിയുടെ ഈ നീക്കം. ജർമൻ നിർമാതാക്കളായ ഡെയ്മ്ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസി(ഡി ഐ സി വി)നെയാണു കമ്പനി മാതൃകയാക്കുന്നത്; ആഭ്യന്തര വിപണിയിൽ ‘ഭാരത് ബെൻസ്’ എന്ന പേരിൽ വാണിജ്യ വാഹനങ്ങൾ വിൽക്കുന്ന ഡി ഐ സി വി, മെഴ്സീഡിസ് ബെൻസും മിറ്റ്സുബിഷി ഫ്യൂസൊയുമടക്കമുള്ള ബ്രാൻഡുകളിലാണു വിദേശത്തേക്ക് ഇന്ത്യൻ നിർമിത മോഡലുകൾ കയറ്റുമതി ചെയ്യുന്നത്.