Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ ആഡംബര കാർ സ്വന്തമാക്കി വിജയ് സേതുപതി

Vijay Sethupathi Vijay Sethupathi, Imgae Source: Social Media

തമിഴകത്തിന്റെ മക്കൾസെൽവനാണ് വിജയ് സേതുപതി. അഭിനയിച്ച ചിത്രങ്ങളിലൂടെ മാത്രമല്ല സ്വന്തം വ്യക്തിത്വവും ലാളിത്വവും അദ്ദേഹത്തെ മക്കൾസെൽവൻ എന്ന പേരിന് കൂടുതൽ അർഹനാക്കുന്നു. കഷ്ടപ്പാടുകള്‍ നിറഞ്ഞ ഭൂതകാലത്തു നിന്നും സൂപ്പർതാരമായി വളർന്നതുകൊണ്ടാകും നടപ്പിലും സംസാരത്തിലും തികഞ്ഞ ലാളിത്യം കാത്തു സൂക്ഷിക്കുന്നത്. വളരെ കുറച്ചു കാലം കൊണ്ട് തമിഴകത്തെ സൂപ്പർ താരമായി വളർന്ന വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം വിക്രം വേദയും സൂപ്പർ ഹിറ്റാണ്. നായകനെ വെല്ലുന്ന വില്ലനായി എത്തിയ വിജയ് ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ ആഡംബര കാർ സ്വന്തമാക്കിയിരിക്കുന്നു.

vijay-sethupathi-bmw-7series Vijay Sethupathi, Imgae Source: Social Media

ജർമൻ കാർനിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെലൂണായ സെവൻ സീരീസിന്റെ വെളുത്ത കാറാണ് തമിഴകത്തിന്റെ മക്കൾസെൽവൻ സ്വന്തമാക്കിയത്. നേരത്തെ ടാക്സി ഡ്രൈവറായി അഭിനയിച്ച ചിത്രത്തിന്റെ പ്രതിഫലമായി സിനിമയിൽ ഓടിച്ച പ്രീമിയർ പത്മിനി കാർ താരം സ്വന്തമാക്കിയിരുന്നു.

bmw-7-series BMW 7 Series

ബിഎംഡബ്ല്യൂ നിരയിലെ ഏറ്റവും മികച്ച ആഡംബരക്കാറാണ് സെവൻ സീരിസ്. പെട്രോൾ ഡീസൽ വകഭേദങ്ങളുണ്ട്. 3 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന മോ‍ഡൽ 262 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കും നൽകുമ്പോൾ 4.5 ലീറ്റർ പെട്രോൾ എൻജിന് മോഡലിന് 450 ബിഎച്ച്പി കരുത്തും 650 എൻഎം ടോർക്കുമുണ്ട്. 1.16 കോടി രൂപ മുതൽ 2.3 കോടി രൂപവരെയാണ് സെവൻ സീരീസിന്റെ വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില.