Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നു ജർമനിയിൽ ഡീസൽ വാഹന നിരോധനം; പുതിയ സോഫ്റ്റ്​വെയറുമായി കാർ നിർമാതാക്കൾ

Representative Image Representative Image

ബർലിൻ: ജർമനിയിൽ ഡീസൽ വാഹനങ്ങൾ നിരോധിയ്ക്കാൻ സർക്കാർ ശ്രമം വിജയം. സർക്കാരും ജർമനിയിലെ പ്രമുഖ കാർ നിർമ്മാണ കമ്പനി മേധാവികളുമായി നടത്തിയ ചർച്ചയിലാണ് സമവായം ഉരുത്തിരിഞ്ഞത്. ഡീസൽ കാറുകൾ നിരോധിക്കുന്നതിനു പകരം ഡീസൽ കാറുകളിൽ പുകബഹിർഗമനം കുറയ്ക്കുന്നതിനുപകരിയ്ക്കുന്ന സോഫ്റ്റ്‌വെയർ ഇത്തരം കാറുകളിൽ പുതുതായി ഘടിപ്പിച്ചു നൽകാമെന്നുള്ള വ്യവസ്ഥ കാർ നിർമ്മാതാക്കൾ മുന്നോട്ടുവെച്ചത് മെർക്കൽ സർക്കാർ അംഗീകരിയ്ക്കുകയായിരുന്നു. ഇതുമാത്രമല്ല പുതിയ പദ്ധതികളും ഉടൻ പ്രഖ്യാപിയ്ക്കുമെന്ന് ഗതാഗതമന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് അറിയിച്ചു. ഗതാഗത മന്ത്രിയുടെ മദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിസ്ഥിതി മന്ത്രി ബാർബെറാ ഹെൻഡ്രിക്, ബവേറിയ മുഖ്യമന്ത്രി ഹോർസ്റ്റ് സീഹോഫർ, നീഡർസാക്സൺ മുഖ്യമന്ത്രി സ്റ്റെഫാൻ വൈൽ, ബാഡൻവ്യുർട്ടെംബർഗ് മുഖ്യമന്ത്രി വിൻഫ്രീഡ് ക്രെറ്റ്ഷ്മാൻ, കാർ നിർമ്മാണ കമ്പനികളുടെ ഉന്നതർ, സെക്രട്ടറിമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

എന്നാൽ, മലിനീകരണത്തിനെതിരായ നടപടികളുടെ ആദ്യ ഘട്ടം മാത്രമാണിതെന്നും, പിന്നോട്ടില്ലെന്നും സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡീസൽ വാഹനങ്ങൾ പൂർണമായോ ഭാഗികമായോ നിരോധിക്കാൻ തന്നെയാണ് പ്രമുഖ നഗരങ്ങളിലെ ഭരണകൂടങ്ങളുടെ തീരുമാനം. ഫോക്സ്‌വാഗൻ, ഡെയിംലർ, ബിഎംഡബ്ല്യു, ഒാപ്പൽ എന്നീ സ്ഥാപനങ്ങളെല്ലാം നൈട്രജൻ ഒാക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനുള്ള സോഫ്റ്റ്‌വെയർ ഘടിപ്പിച്ചു നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒമ്പതു വർഷത്തിനുള്ളിൽ നിരത്തിലിറങ്ങിയ കാറുകളിൽ പകുതിയോളം എണ്ണത്തിലും ഇതു സ്ഥാപിക്കാമെന്നാണ് അവർ പറയുന്നത്. ഇത്തരം കാറുകളിൽ പുതിയ സോഫ്റ്റ്‌വെയർ കമ്പനി ചെലവിൽ ഘടിപ്പിച്ചുകൊടുക്കുമെന്നാണ് കമ്പനികളുടെ വാഗ്ദാനം. 

ജർമനിയിലെ വിവിധ പ്രമുഖ കാർ നിർമാതാക്കൾ മലിനീകരണം കുറച്ചു കാണിക്കാൻ ഡീസൽ വാഹനങ്ങളിൽ തട്ടിപ്പ് നടത്തിയെന്നു വ്യക്തമായ സാഹചര്യത്തിൽ ജർമനിയിലെ പല നഗരങ്ങളും ഡീസൽ വാഹന നിരോധനം സജീവമായി പരിഗണിക്കുന്നുണ്ട്. ആദ്യമായി ബാഡൻവ്യുർട്ടെംബർഗ് സംസ്ഥാനമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാൽ ഇതു മറികടക്കാൻ 53 ലക്ഷത്തോളം ഡീസൽ കാറുകളിൽ പുതിയ സോഫ്റ്റ് വെയർ ഘടിപ്പിച്ച് അപ്ഡേഷൻ ചെയ്തു കൊടുക്കാമെന്ന് നിർമാതാക്കളുടെ ഇപ്പോഴത്തെ വാഗ്ദാനം.

കാർ നിർമ്മാണ മേഖലയിൽ ജർമനിയിൽ മാത്രമായി എട്ടുലക്ഷത്തോളം പേർ ജോലിചെയ്യുന്നുണ്ട്. ഇവരുടെ ജോലിക്ക് കോട്ടം തട്ടുന്ന ഒരു കാര്യവും ഉണ്ടാകില്ലെന്നും കമ്പനികൾ വ്യക്തമാക്കി. അതുമാത്രമല്ല ഒരു നിശ്ചിത കാലം കഴിഞ്ഞുള്ള ഡീസൽ കാറുകൾക്ക് 8,000 യൂറോ വരെ സർക്കാർ പ്രീമിയം നൽകി പുതിയതു വാങ്ങാനുള്ള അബ്റാക്ക് മോഡൽ പദ്ധതിയും ഉടൻ പ്രഖ്യാപിയ്ക്കും. ജർമനിയിലെ ഒാരോ മൂന്നു കാറുകളിലും ഒരെണ്ണം ഡീസൽ കാറാണ്. നിലവിൽ ഒാടുന്ന കാറുകൾ പുറന്തള്ളുന്നത് .60 മൈക്രോ ഗ്രാം കാർബൺ ഡയോക്സൈഡാണ് (നൈട്രജൻ ഒാക്സൈഡ്). മേലിൽ ഇത് 25 മുതൽ 30 ശതമാനമാക്കി കുറയ്ക്കാനാണ് പുതിയ സോഫ്റ്റ്‌വെയർ ഘടിപ്പിയ്ക്കുന്നത്.