Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ‘സ്കൗട്ട് ബോബർ’ പ്രീബുക്കിങ് തുടങ്ങി

INDIAN SCOUT BOBBER INDIAN SCOUT BOBBER

രാജ്യാന്തര തലത്തിൽ അടുത്ത മാസം അരങ്ങേറ്റം കുറിക്കുന്ന ‘സ്കൗട്ട് ബോബറി’നുള്ള പ്രീ ബുക്കിങ് ഇന്ത്യൻ മോട്ടോർ സൈക്കിൾസ് ആരംഭിച്ചു. അരലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണ് ഇന്ത്യൻ ‘സ്കൗട്ട് ബോബർ 2018’ ബൈക്കിനുള്ള ബുക്കിങ്ങുകൾ സ്വീകരിക്കുക. രാജ്യന്തരതലത്തിൽ അരങ്ങേറ്റം കുറിച്ചാലുടൻ ബൈക്ക് ഇന്ത്യയിലും വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

‘സ്കൗട്ടി’ന്റെ അടിസ്ഥാന മോഡൽ ആധാരമാക്കിയാണ് പൊളാരിസിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ‘സ്കൗട്ട് ബോബറും’ സാക്ഷാത്കരിച്ചിരിക്കുന്നത്; ബൈക്കിനു കരുത്തേകുന്നത് 1,130 സി സി, ലിക്വിഡ് കൂൾഡ്, വി ട്വിൻ എൻജിൻ തന്നെ. പരമാവധി 100 പി എസ് വരെ കരുത്തും വെറും 5,900 ആർ പി എമ്മിൽ 97.7 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

ചോപ്ഡ് ഫെൻഡർ, മാംസളമായ ടയർ, പരന്ന ട്രാക്ക ശൈലിയിലുള്ള ഹാൻഡ്ൽ ബാർ, ബാറിന്റെ അഗ്രത്തിൽ ഘടിപ്പിച്ച മിറർ എന്നിവയൊക്കെയായാണ് ‘സ്ൗട്ട് ബോബറി’ന്റെ വരവ്. ബൈക്കിനു വേറിട്ട വ്യക്തിത്വത്തിനായി ഇന്ധനടാങ്കിൽ പുത്തൻ ബാഡ്ജും ഇടംപിടിക്കുന്നുണ്ട്. താഴ്ന്ന, ബ്രൗൺ ലതർ സീറ്റുമായി എത്തുന്ന ബൈക്കിന്റെ സസ്പെൻഷൻ സാധാരണ ‘സ്കൗട്ടി’നെ അപേക്ഷിച്ച് ഒരു ഇഞ്ച് താഴ്ത്തി വച്ചിട്ടുണ്ട്.

ഇന്ത്യൻ മോട്ടോർ സൈക്കിൾസിന്റെ യു എസ് വെബ്സൈറ്റിൽ ‘സ്കൗട്ടി’നും ‘ബോബർ’ പതിപ്പിനും ഒരേ വിലയാണ്: 11,449 ഡോളർ(7.30 ലക്ഷത്തോളം രൂപ). രാജ്യാന്തരതലത്തിൽ ട്രയംഫ് ‘ബോൺവിൽ ബോബർ’, മോട്ടോ ‘ഗൂസി വി നയൻ ബോബർ’, ഹാർലി ഡേവിഡ്സൻ ‘ഫോർട്ടി എയ്റ്റ്’ തുടങ്ങിയവയോടാണ് ‘സ്കൗട്ട് ബോബറി’ന്റെ മത്സരം.