Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നു ഹീറോ 200 സി സി സ്പോർട്സ് ബൈക്ക്

Hero 'Xtreme Sports' Hero 'Xtreme Sports'

ജാപ്പനീസ് നിർമാതാക്കളും പഴയ പങ്കാളിയുമായ ഹോണ്ട മോട്ടോർ  സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യെ പ്രതിരോധിക്കാൻ പുത്തൻ മോഡൽ അവതരങ്ങളുമായി ഹീറോ മോട്ടോ കോർപ്. അടുത്ത സാമ്പത്തിക വർഷത്തോടെ മൂന്നു പുതിയ സ്കൂട്ടറുകൾ അവതരിപ്പിച്ച് ഇരുചക്രവാഹന വിപണിയിലെ മേധാവിത്തം ഉറപ്പിക്കാനാണു ഹീറോയുടെ ശ്രമം.

ജനുവരി — മാർച്ച് ത്രൈമാസത്തിൽ തന്നെ ഹീറോയുടെ പുതിയ 125 സി സി സ്കൂട്ടർ വിപണിയിലെത്തും. അവശേഷിക്കുന്ന രണ്ടു സ്കൂട്ടറുകൾ 2018 — 19ലാവും അരങ്ങേറ്റം കുറിക്കുക. ഇതോടൊപ്പം പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാനും കമ്പനിക്കു പരിപാടിയുണ്ട്. വരുന്ന മാർച്ചിനകം പുതിയ 200 സി സി സ്പോർട്സ് ബൈക്ക് അവതരിപ്പിക്കാനാണു ഹീറോ മോട്ടോ കോർപ് ഒരുങ്ങുന്നത്.

മോട്ടോർ സൈക്കിൾ വിഭാഗത്തിൽ അനിഷേധ്യ ശക്തിയായ ഹീറോ മോട്ടോ കോർപ് സ്കൂട്ടർ, പ്രീമിയം ബൈക്ക് മേഖലകളിലും പ്രകടനം മെച്ചപ്പെടുത്താനാണ് ഉന്നമിടുന്നത്. അതേസമയം പുതിയ മോഡൽ അവതരണങ്ങളെപ്പറ്റി കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കുറഞ്ഞത് ആറു പുതിയ മോഡലുകളെങ്കിലും സമീപ ഭാവിയിൽ നിരത്തിലെത്തുമെന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിൽ ഹീറോ ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ വ്യക്തമാക്കിയിരുന്നു. വിൽപ്പന വളർച്ചയ്ക്കായി സ്കൂട്ടർ, പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗങ്ങളിലാണു കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ഈ റിപ്പോർട്ടിലുണ്ട്. 

നിലവിൽ മൂന്നു സ്കൂട്ടറുകളാണു ഹീറോ മോട്ടോ കോർപിന്റെ മോഡൽ ശ്രേണിയിലുള്ളത്: 110 സി സി എൻജിനുള്ള ‘മാസ്ട്രോ എഡ്ജ്’, ‘ഡ്യുവറ്റ്’, 100 സി സി എൻജിനുള്ള ‘പ്ലഷർ’. 

എതിരാളികളായ എച്ച് എം എസ് ഐയ്ക്കാവട്ടെ അഞ്ചു ബ്രാൻഡുകളുണ്ട്: ‘ആക്ടീവ ഫോർ ജി’, ‘ഡിയൊ’, ‘ഏവിയേറ്റർ’, ‘ആക്ടീവ് ഐ’, ‘ക്ലിക്’ എന്നിവ 110 സി സി വിഭാഗത്തിലും ‘ആക്ടീവ 125’ സ്കൂട്ടറും. ‘സെസ്റ്റ് 110’, ‘സ്കൂട്ടി പെപ് പ്ലസ്’, ‘വീഗൊ’, ‘ജുപ്പീറ്റർ’ എന്നിവയാണു ടി വി എസ് മോട്ടോർ കമ്പനിയുടെ സ്കൂട്ടറുകൾ.

ഹോണ്ടയുമായി വഴി പിരിഞ്ഞ് ആറു വർഷം പിന്നിടുമ്പോഴും 50% വിഹിതവുമായി ഹീറോ മോട്ടോ കോർപാണ് ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയെ നയിക്കുന്നത്. എന്നാൽ സ്കൂട്ടർ വിപണിയിൽ കമ്പനിയുടെ വിഹിതം വെറും 12% ആണ്. 60% വിഹിതമുള്ള എച്ച് എം എസ് ഐയും 15% വിഹതമുള്ള ടി വി എസുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.