Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

450 കോടിയുടെ വികസനപ്രവർത്തനങ്ങളുമായി ടി വി എസ്

tvs-logo

നടപ്പു സാമ്പത്തിക വർഷം 450 കോടി രൂപയുടെ മൂലധന ചെലവുകൾ നടപ്പാക്കുമെന്നു ടി വി എസ് മോട്ടോർ കമ്പനി. ഗവേഷണ വികസന പ്രവർത്തനങ്ങൾക്കൊപ്പം വാർഷിക ഉൽപ്പാദന ശേഷി 45 ലക്ഷം യൂണിറ്റായി വർധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്ന് ടി വി എസ് മോട്ടോഴ്സ് ചീഫ് ഫിനാൻഷ്യൽ ഓഫിസറും ഫിനാൻസ് വൈസ് പ്രസിഡന്റുമായ എസ് ജി മുരളി അറിയിച്ചു. ഉത്സവകാലത്തിനു മുന്നോടിയായി നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകൾ അവതരിപ്പിക്കാനും ടി വി എസിനു പദ്ധതിയുണ്ട്. അതേസമയം പുതിയ ഒറ്റ മോഡൽ മാത്രമാവും ഇക്കൊല്ലം ടി വി എസ് പുറത്തിറക്കുക.

കർണാടകത്തിലെ മൈസൂരുവിലും  തമിഴ്നാട്ടിലെ ഹൊസൂരിലും ഹിമാചൽ പ്രദേശിലെ നാലാഗഢിലുമുള്ള യൂണിറ്റുകളിലൊയി മൊത്തം 40 ലക്ഷം യൂണിറ്റാണ് കമ്പനിയുടെ വാർഷിക ഉൽപ്പാദനശേഷി. മൈസൂരുവിൽ പ്രതിവർഷം 12 ലക്ഷം യൂണിറ്റും ഹൊസൂരിൽ 21 ലക്ഷം യൂണിറ്റും നാലാഗഢിൽ ആറു ലക്ഷം യൂണിറ്റുമാണു നിലവിലുള്ള ഉൽപ്പാദനശേഷി. ഈ ശേഷി മാർച്ചോടെ 45 ലക്ഷമായി ഉയർത്താനാണു ടി വി എസിന്റെ നീക്കം.

സ്കൂട്ടർ വിൽപ്പനയിൽ രണ്ടാം സ്ഥാനത്തെത്തിയ ടി വി എസ് ഇക്കൊല്ലവും ഈ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച മഴ ലഭിച്ചതും സ്കൂട്ടർ വിൽപ്പനയെ തുണയ്ക്കുമെന്നു കമ്പനി കരുതുന്നു. കേരളത്തിലും കർണാടകത്തിലും തമിഴ്നാട്ടിലും ചില ഭാഗങ്ങളിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ നേരിട്ടില്ലെന്നു മുരളി വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ ഗ്രാമീണ മേഖലയിൽ ഇരുചക്രവാഹന വിൽപ്പന ഉയരുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ ഏപ്രിൽ — ജൂലൈ കാലത്ത് 8,93,963 ഇരുചക്രവാഹനങ്ങളാണു ടി വി എസ് വിറ്റത്; മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 9.26% അധികമാണിത്.