Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കയീൻ’ റജിസ്ട്രേഷനു സ്വിറ്റ്സർലൻഡിൽ വിലക്ക്

porsche-cayenne

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗന്റെ ഉടമസ്ഥതയിലുള്ള സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയുടെ  സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘കയീൻ’ റജിസ്ട്രേഷനു സ്വിറ്റ്സർലൻഡിൽ വിലക്ക്. മലിനീകര നിയന്ത്രണത്തിൽ യൂറോ ആറ് നിലവാരമുള്ള മൂന്നു ലീറ്റർ ഡീസൽ എൻജിൻ ഘടിപ്പിച്ച ‘കയീൻ’ റജിസ്ട്രേഷനാണു സ്വിറ്റ്സർലൻഡ് നിർത്തിവച്ചത്. അതേസമയം നിലവിൽ നിരത്തിലുള്ള ‘കയീൻ’ ഇടത്തരം ആഡംബര ക്രോസോവറുകൾക്ക് ഈ വിലക്ക് ബാധകമാവില്ലെന്നും  റോഡ് ഏജൻസി അധികൃതർ വ്യക്തമാക്കി. 

‘ഡീസൽഗേറ്റ്’ വിവാദ പശ്ചാത്തലത്തിലാണു സ്വിറ്റ്സൻലൻഡിലെ റോഡ് ഏജൻസി പുതിയ ‘കയീൻ’ റജിസ്ട്രേഷനു പ്രാഥമിക വിലക്ക് ഏർപ്പെടുത്തിയത്. മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ സോഫ്റ്റ്‌വെയർ സഹായം തേടുന്ന ഡീസൽ എൻജിൻ ഘടിപ്പിച്ച വാഹനങ്ങളുടെ റജിസ്ട്രേഷനാണു വിലക്കിയതെന്നും ഏജൻസി വ്യക്തമാക്കി.

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയെന്നു 2015 മധ്യത്തിലാണു ഫോക്സ്‍വാഗൻ കുറ്റസമ്മതം നടത്തിയത്. വാഹനത്തിന്റെ പുക പരിശോധന നടക്കുന്നതു തിരിച്ചറിഞ്ഞു ഡീസൽ എൻജിനുകളുടെ പരിസര മലിനീകരണം നിയന്ത്രണ വിധേയമാക്കാൻ സോഫ്റ്റ്വെയർ സഹായം തേടിയെന്നാണു കമ്പനി സ്ഥിരീകരിച്ചത്. പോർഷെ ‘കയീനി’ലും ഇത്തരം നിരോധിത സോഫ്റ്റ് വെയറിന്റെ സാന്നിധ്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ജർമൻ അധികൃതർ ഇത്തരം മോഡലുകൾ തിരിച്ചുവിളിക്കാൻ നിർദേശിച്ചിരുന്നു. 

ഫോക്സ്വാഗൻ സൃഷ്ടിച്ച ‘ഡീസൽഗേറ്റ്’ വിവാദ പശ്ചാത്തലത്തിൽ ഡീസൽ വാഹന വിലക്കിന്റെ കാര്യത്തിൽ ജർമനിക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ മാതൃക പിന്തുടരേണ്ടിവരുമെന്നു കഴിഞ്ഞ ദിവസം ചാൻസലർ ആഞ്ചല മെർക്കെൽ അഭിപ്രായപ്പെട്ടിരുന്നു. ‘പുകമറ’ വിവാദത്തിന്റെ ഫലമായി യൂറോപ്പിലാകെ തന്നെ ഡീസൽ എൻജിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നതിന്റെ വ്യക്തമായ സൂചനയായാണു മെർക്കലിന്റെ നിലപാട് വിലയിരുത്തപ്പെടുന്നത്.