Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെസ്: പ്രായോഗിക തീരുമാനം പ്രതീക്ഷിച്ച് ബി എം ഡബ്ല്യു

bmw-record

ചരക്ക്, സേവന നികുതി(ജി എസ് ടി) പ്രാബല്യത്തിലെത്തിയ പിന്നാലെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങൾക്കും വലിയ കാറുകൾക്കും അധിക സെസ്  ബാധകമാക്കുമ്പോൾ സർക്കാർ പ്രായോഗിക സമീപനം സ്വീകരിക്കണമെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു.  അധിക സെസ് ഇതുവരെ നടപ്പായിട്ടില്ല; ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നു ബി എം ഡബ്ല്യു ഇന്ത്യ പ്രസിഡന്റ് വിക്രം പാവ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ അധിക സെസിനെപ്പറ്റി ഇപ്പോൾ പ്രതികരിക്കുക പ്രയാസമാണ്. അധിക സെസ് എപ്പോൾ നടപ്പാവുമെന്നോ എപ്രകാരം നിലവിൽ വരുമെന്നോ വ്യക്തതയില്ലാത്ത സാഹചര്യമാണെന്നും പാവ വിലയിരുത്തി.

ജൂലൈ ഒന്നിനു ജി എസ് ടി നടപ്പായതോടെ എസ് യു വികൾക്കും ഇടത്തരം, വലിയ, ആഡംബര കാറുകൾക്കും വില കുറഞ്ഞിരുന്നു. എന്നാൽ ഇത്തരം വാഹനങ്ങൾക്കുള്ള സെസ് നിലവിലുള്ള 15 ശതമാനത്തിൽ നിന്ന് 25% ആയി ഉയർത്താനുള്ള ശുപാർശ കഴിഞ്ഞ ആഴ്ച ചേർന്ന ജി എസ് ടി കൗൺസിൽ അംഗീകരിച്ചിരുന്നു. ഇതോടെ എസ് യു വികൾക്കും വലിയ കാറുകൾക്കും വിലയേറുമെന്ന് ഉറപ്പായിട്ടുണ്ട്.

ജി എസ് ടി പ്രകാരമുള്ള ഏറ്റവും ഉയർന്ന നികുതി നിരക്കായ 28% ആണു കാറുകൾക്കു ബാധകമാക്കിയിരിക്കുന്നത്. ഇതോടൊപ്പം ജി എസ് ടി നടപ്പാക്കിയതു മൂലം സംസ്ഥാനങ്ങൾക്കു നേരിട്ട നഷ്ടം നികത്താനായി ഇതിനു പുറമെ ഒന്നു മുതൽ 15% വരെ അധിക സെസും പ്രാബല്യത്തിലുണ്ട്. നികുതി നിരക്ക് കൂട്ടുന്ന വിഷയത്തിൽ സർക്കാർ പ്രായോഗിക തീരുമാനം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണു പാവ. പ്രീമിയം കാർ വിൽപ്പന മെച്ചപ്പെട്ടാൽ സർക്കാരിനുള്ള വരുമാനം വർധിക്കും; ഇതു സാധ്യമാവണമെങ്കിൽ നികുതി നിരക്ക് ഇപ്പോഴത്തെ നിലവാരത്തിൽ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

സെസോ മറ്റേതെങ്കിലും നിരക്കോ ഉയർത്തിയാൽ കാർ വിൽപ്പനയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ സർക്കാരിനു വരുമാനനഷ്ടവും നേരിടുമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ഇതൊക്കെ പരിഗണിച്ചാവും അധിക സെസ് വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കുകയെന്നും പാവ പ്രതീക്ഷ പ്രകടിപ്പിച്ചു.