Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ 3.23 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഫോക്സ്‌വാഗൻ

Volkswagen Polo

മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയ 3.23 ലക്ഷത്തോളം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കാനുള്ള വിപുല പദ്ധതിയുമായി ഫോക്സ്‌വാഗൻ ഇന്ത്യ. ‘പുകമറ’ സോഫ്റ്റ്‌വയറിന്റെ സാന്നിധ്യത്തോടെ ഇന്ത്യയിൽ വിറ്റ വാഹനങ്ങൾ തിരിച്ചുവിളിക്കാനുള്ള വിശദ പദ്ധതി ജർമൻ വാഹന നിർമാതാക്കൾ ദേശീയ ഹരിത ട്രൈബ്യൂണലി(എൻ ജി ടി)നാണു സമർപ്പിച്ചത്. ഫോക്സ്‌വാഗനെതിരായ പരാതി വീണ്ടും അഞ്ചിന് എൻ ജി ടി പരിഗണിക്കും.

‘ഡീസൽഗേറ്റ്’ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ കോടിക്കണക്കിനു കാറുകളാണു ഫോക്സ്‌വാഗൻ തിരിച്ചുവിളിക്കുകയും പരിഹാര മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നത്. ഇന്ത്യയിലും സമാന നടപടി സ്വീകരിക്കണമെന്ന എൻ ജി ടി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണു ഫോക്സ്‌വാഗൻ വിശദ പദ്ധതി തയാറാക്കി സമർപ്പിച്ചത്. 

ഡീസൽ എൻജിനുകൾ സൃഷ്ടിക്കുന്ന യഥാർഥ മലിനീകരണം മറച്ചുപിടിക്കാൻ സോഫ്റ്റ‌‌്‌വെയർ സഹായം തേടിയെന്നതാണു ഫോക്സ്വാഗനെതിരായ പരാതി. ഇത്തരത്തിൽ വ്യാജ മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാൻ ഉപയോഗിച്ച സോഫ്റ്റ‌‌്‌വെയറിനെയാണു ‘പുകമറ’യായി വിശേഷിപ്പിക്കുന്നത്. പുക പരിശോധന നടക്കുന്നതു തിരിച്ചറിഞ്ഞ് എൻജിൻ പ്രവർത്തനം പുനഃക്രമീകരിക്കുകയും അങ്ങനെ മലിനീകരണം നിശ്ചിത പരിധിക്കുള്ളിലാണെന്ന പ്രതീതി സൃഷ്ടിക്കുകയുമാണ് ഈ സോഫ്റ്റ‌‌്‌വെയറിന്റെ ദൗത്യം.

ഇന്ത്യയിലും ഇത്തരത്തിലുള്ള സോഫ്റ്റ‌‌്‌വെയറിന്റെ സാന്നിധ്യമുള്ള 3,23,700 കാറുകളിൽ പരിഹാര നടപടി ആവശ്യമായി വരുമെന്ന് 2015 ഡിസംബറിൽ തന്നെ ഫോക്സ്വാഗൻ വ്യക്തമാക്കിയിരുന്നു. ‘ഡീസൽഗേറ്റ്’ വിവാദ പശ്ചാത്തലത്തിൽ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓപ് ഇന്ത്യ(എ ആർ എ ഐ) നടത്തിയ പരിശോധനയിൽ ചില കാറുകൾ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം ഭാരത് സ്റ്റേജ് നാല് നിലവാരപ്രകാരം അനുവദനീയമായതിന്റെ 1.1 മുതൽ 2.6 ഇരട്ടി വരെയാണെന്നു കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു കമ്പനിയുടെ ഈ പ്രഖ്യാപനം. അതേസമയം യു എസിലും യൂറോപ്പിലും മറ്റു വിദേശ വിപണികളിലുമായി 1.10 കോടിയോളം വാഹനങ്ങളിലാണു ‘പുകമറ’ സോഫ്റ്റ‌‌്‌വെയയറിന്റെ സാന്നിധ്യം സംശയിക്കുന്നത്.