Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട ശാലയിൽ 1,577 കോടിയുടെ വികസനത്തിന് അനുമതി

honda-br-v-test-drive-9

രാജസ്ഥാനിലെ തപുകര ശാലയിൽ 1,577 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)നു പരിസ്ഥിതി അനുമതി ലഭിച്ചു. ആൾവാർ ജില്ലയിലെ ശാലയുടെ ഉൽപ്പാദനശേഷി വർധിപ്പിക്കാനാണു ജാപ്പനീസ് നിർമാതാക്കളായ എച്ച് സി ഐ എല്ലിന്റെ പദ്ധതി. കൂടാതെ നിർമാണചെലവ് കുറയ്ക്കാനായി പ്രാദേശിക നിർമിത ഘടകങ്ങളുടെ വിഹിതം വർധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഹോണ്ട കാഴ്സ് സമർപ്പിച്ച വികസന പദ്ധതി കഴിഞ്ഞ മാസമാണു വിദഗ്ധ സമിതി പരിശോധിച്ചത്; തുടർന്നു സമിതി ശുപാർശയുടെ അടിസ്ഥാനത്തിൽ വികസന പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നൽകുകയായിരുന്നു. ചില വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേമായാണു പരിസ്ഥിതി അനുമതി നൽകുന്നതെന്നും എച്ച് സി ഐ എല്ലിനു നൽകിയ കത്തിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

തപുകര ശാലയിലെ അലൂമിനിയം ഉരുക്കൽ ശേഷി പ്രതിവർഷം 20,000 ടണ്ണിൽ നിന്ന് 30,000 ടണ്ണായും പ്രൊപ്പെയ്ൻ സംഭരണ ശേഷി 50 ടണ്ണിൽ നിന്ന് 100 ടണ്ണായും പവർ ബായ്ക്ക് അപ് 4.9 മെഗാവാട്ടിൽ 37.30 മെഗാവട്ടായും ഉയർത്താനാണു ഹോണ്ടയുടെ നീക്കം. നിർദിഷ്ട വികസന പദ്ധതികൾക്കായി തപുകരയിൽ 17.68 ചരുരശ്ര മീറ്റർ സ്ഥലം ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കുന്നു. വിവിധ പദ്ധതികൾ പൂർത്തിയാക്കാൻ മൊത്തം 1,577 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.  മലിനീകരണം മൂലമുള്ള വിപത്തു തടയാനായി ശാലയിലെ 33% ഭാഗത്ത് ഹരിത മേഖല സൃഷ്ടിക്കണമെന്നു കമ്പനിയോടു പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മലിന ജലം പുറന്തള്ളുന്നതു പൂർണമായും ഒഴിവാക്കണമെന്നും ജലം ശുദ്ധീകരിച്ചു പുനഃരുപയോഗിക്കണമെന്നും നിർദേശമുണ്ട്. 

തപുകരയ്ക്കു പുറമെ ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലും എച്ച് സി ഐ എൽ വാന നിർമാണശാല പ്രവർത്തിക്കുന്നുണ്ട്. ഇരു ശാലകളിലുമായി മൊത്തം 2.40 ലക്ഷം യൂണിറ്റാണു കമ്പനിയുടെ വാർഷിക ഉൽപ്പാദനശേഷി. കോംപാക്ട് കാറായ ‘ബ്രിയൊ’, കോംപാക്ട് സെഡാനായ ‘അമെയ്സ്’, ഇടത്തരം സെഡാനായ ‘സിറ്റി’, പ്രീമിയം ഹാച്ച്ബാക്കായ ‘ജാസ്’, കോംപാക്ട് എസ് യു വിയായ ‘ബി ആർ — വി’, ‘ഡബ്ല്യു ആർ — വി’, പ്രീമിയം എസ് യു വിയായ ‘സി ആർ — വി’ തുടങ്ങിയവയാണു കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്.