Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കൊല്ലം 60 ലക്ഷം യൂണിറ്റ് വിൽക്കാൻ ഹോണ്ട

honda-logo

കർണാടകത്തിലെ നർസാപുര ശാലയുടെ ഉൽപ്പാദനശേഷി വർധിച്ച സാഹചര്യത്തിൽ ഇക്കൊല്ലം 60 ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കാനാവുമെന്നു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ടയ്ക്കു പ്രതീക്ഷ. 2016 — 17ൽ 50.08 ലക്ഷം യൂണിറ്റായിരുന്നു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ വിൽപ്പന. നരസാപുരയിലെ ശാലയിൽ പ്രതിവർഷം ആറു ലക്ഷം യൂണിറ്റിന്റെ അധിക ഉൽപ്പാദനശേഷിയാണ് ഈ മാസം ആദ്യം നിലവിൽ വന്നതെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേരിയ അറിയിച്ചു. 

വാഹനവ്യവസായ മേഖലയിലെ വളർച്ചയെ അപേക്ഷിച്ചു മെച്ചപ്പെട്ട പ്രകടനമാണു ഹോണ്ട കൈവരിക്കുന്നത്. അതുകൊണ്ടുതന്നെ നടപ്പു സാമ്പത്തിക വർഷം 60 ലക്ഷം യൂണിറ്റ് വിൽപ്പ നേടാനാവുമെന്നാണു പ്രതീക്ഷ. കർണാടകത്തിലെ ഉൽപ്പാദനവർധന ഇക്കൊല്ലത്തെ വിൽപ്പനയിലും പ്രതിഫലിക്കുമെന്നു ഗുലേരിയ പ്രതീക്ഷ പ്രകടിപ്പിച്ചു.വാർഷികാടിസ്ഥാനത്തിൽ ശരാശരി 20% വിൽപ്പന വളർച്ചയാണ് എച്ച് എം എസ് ഐ നേടുന്നത്. 2016 — 17ൽ 50,08,230 യൂണിറ്റ് വിൽപ്പനയാണു കമ്പനി കൈവരിച്ചതെന്നും ഗുലേരിയ വെളിപ്പെടുത്തി. രാജ്യത്തെ വിപണികളിൽ ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണു കമ്പനിക്കു മികച്ച നേട്ടമെന്നും അദ്ദേഹം അറിയിച്ചു. ദക്ഷിണേന്ത്യയിലാവട്ടെ കർണാടകവും കേരളവും തെലങ്കാനയുമാണു മികച്ച വിപണികൾ. രാജ്യത്തെ മൊത്തം ഇരുചക്രവാഹന വിൽപ്പനയിൽ 28 ശതമാനത്തോളമാണ് ദക്ഷിണേന്ത്യയുടെ സംഭാവന; ഇതിൽ 35% വിഹിതമാണു ഹോണ്ട അവകാശപ്പെടുന്നത്.

വൈദ്യുത വാഹനങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ അടക്കമുള്ള പങ്കാളികളുമായി കമ്പനി ചർച്ച നടത്തുന്നുണ്ടെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മിനൊരു കാറ്റൊ അറിയിച്ചു. 2030നകം പൂർണമായും വൈദ്യുത വാഹനങ്ങളിലേക്കു മാറാനുള്ള മാർഗങ്ങളാണു കമ്പനി വിവിധ പങ്കാളികളുമായി ചർച്ച ചെയ്യുന്നത്. എന്നാൽ ഈ ലക്ഷ്യം കൈവരിക്കാനുള്ള വ്യക്തമായ പദ്ധതികളൊന്നും തയാറായിട്ടില്ലെന്നും കാറ്റൊ വെളിപ്പെടുത്തി.  രാജസ്ഥാനിലെ ജയ്പൂരിൽ അരങ്ങേറ്റം കുറിച്ച 110 സി സി സ്കൂട്ടറായ ‘ക്ലിക്കി’ന്റെ വിൽപ്പന എച്ച് എം എസ് ഐ തമിഴ്നാട്ടിലേക്കു വ്യാപിപ്പിച്ചു. 44,524 രൂപയാണു സ്കൂട്ടറിന്റെ ചെന്നൈയിലെ വില. ജയ്പൂരിനും തമിഴ്നാടിനും പുറമെ പുണെയിലും ‘ക്ലിക്’ വിൽപ്പനയ്ക്കുണ്ട്.